തിരുവനന്തപുരം: അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി സി പി എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്നു മുൻ ധനമന്ത്രി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
വോട്ടര്‍മാരുടെ മനോഭാവത്തില്‍വന്ന മാറ്റങ്ങളെ വായിക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിര്‍ തരംഗം കേരളത്തില്‍ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷ വിലയിരുത്തല്‍ യുഡിഎഫ് – ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്.
എന്നാല്‍ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളില്‍നിന്നുള്ള വിലയിരുത്തലും താരതമ്യപ്പെടുത്തുമ്പോള്‍ പല മണ്ഡലങ്ങളിലും ഗണ്യമായ തോതില്‍ എല്‍ഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ലെന്നു കാണാന്‍ കഴിഞ്ഞു. പോള്‍ചെയ്ത വോട്ടുകളില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍, എല്‍ഡിഎഫ് വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്.
എന്തുകൊണ്ട് വിലയിരുത്തലുകള്‍ പാളുന്നുവെന്നതാണ് ഉത്തരം കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നം. ഒന്നുകില്‍ ജനങ്ങളെ മനസിലാക്കാന്‍ കഴിയുന്നില്ല. അതല്ലെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ മനസ് തുറക്കുവാന്‍ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീര്‍ച്ച. ജനങ്ങളുമായുള്ള ജീവല്‍ബന്ധം വളരെയേറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു.
അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. ഇത് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാന്‍. വെള്ളത്തിലെ മീന്‍ പോലെ ആയിരിക്കണം ജനങ്ങള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ടല്ലോ.
സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വര്‍ദ്ധിക്കുന്നുണ്ട്.
തുടര്‍ഭരണം ഇത്തരത്തിലുള്ള ദൗര്‍ബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തല്‍രേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
മുന്‍കാലത്ത് സര്‍ഗ്ഗാത്മകതയിലും പഠിത്തത്തിലും മുന്‍നില്‍ക്കുന്നവര്‍ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്.
അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ അരാഷ്ട്രീയവല്‍ക്കരണത്തിനാണ് മുന്‍തൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുര്‍ബലവുമാണ്.
ഇവിടെ പറഞ്ഞതൊന്നും പൂര്‍ണ്ണമല്ല. പാര്‍ട്ടിക്കുള്ളില്‍ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുകളില്‍ തീരുമാനമെടുത്ത് താഴേക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ട ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് രൂപം നല്‍കുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്.
ഇങ്ങനെ പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചര്‍ച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഓസ്യത്താണ്. പാര്‍ട്ടിയില്‍ ഇല്ലെങ്കിലും അവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളില്‍ നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കും ചെവികൊടുത്ത് അവയില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകും.
2014-ല്‍ പാര്‍ലമെന്റിലേക്ക് 40 ശതമാനം വോട്ട് ലഭിച്ച എല്‍ഡിഎഫിന് 2019-ല്‍ 35 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ശബരിമലയുമായി ബന്ധപ്പെട്ട കോളിളക്കം പാര്‍ട്ടി അടിത്തറയില്‍ നിന്ന് ഒരു വിഭാഗത്തെ യുഡിഎഫിലേക്കും ബിജെപിയിലേക്കും നയിച്ചു. ബിജെപിയുടെ വോട്ട് ശതമാനം 10.8-ല്‍ നിന്ന് 15.6 ആയി ഉയര്‍ന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ട് തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ 42.5 ആയി ഉയര്‍ന്നു. ബിജെപിയുടേത് 14.9 ശതമാനമായി താഴ്ന്നു.
അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എല്‍ഡിഎഫിന്റെ വോട്ട് 45.3 ശതമാനമായി ഉയര്‍ന്നു. ബിജെപിയുടേത് 12.5 ശതമാനമായി താഴ്ന്നു. ബിജെപിയിലേക്കു പോയ നല്ലൊരു പങ്ക് വോട്ടുകള്‍ തിരിച്ച് എല്‍ഡിഎഫിലേക്ക് തന്നെ വന്നു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ ഇടതുപക്ഷത്തു നിന്നും ബിജെപിയിലേക്കു മാറിയ വോട്ടര്‍മാര്‍ ഒരുപോക്ക് പോയി എന്ന നിഗമനത്തില്‍ എത്തുന്നതില്‍പ്പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.