സ്വാമിജിയുടെ അന്ത്യ നിമിഷങ്ങൾ

ആർ.ഗോപാലകൃഷ്ണൻ

🌏

“നാല്പത് കാണാൻ ഞാനുണ്ടാകില്ലാ!” എന്ന് സ്വാമി വിവേകാനന്ദൻ പല സന്ദർഭങ്ങളിലും പറഞ്ഞിരുന്നെത്രേ! എന്തായാലും നാല്പത് വയസ് തികയാൻ ഏഴു മാസത്തിലധികം ബാക്കി നില്ക്കേ, 1902 ജൂലൈ നാല്, വെള്ളിയാഴ്ച, രാത്രി 9.10-ന് അതു സംഭവിച്ചു.സ്വാമിജിയുടെ 1 22-ാം സമാധിദിനം ഇന്ന്

🔸

ഗംഗയുടെ പടിഞ്ഞാറെ കരയിൽ സ്വാമിജി തന്നെ സ്ഥാപിച്ച ബലൂർ മഠത്തിലായിരു അദ്ദേഹത്തിന്റെ വാസം. ആ ദിവസം അല്പം മഴയുണ്ടായിരുന്നു; എങ്കിലും ഒരു സാധാരണ പ്രഭാതത്തിലെന്ന പോലെ അന്നും സ്വാമി വിവേകാനന്ദൻ അതിരാവിലെ എഴുന്നേല്ക്കുകയും പതിവുപോലെ അനുചരനും ശിഷ്യനമായ പ്രേമാനന്ദയോടൊപ്പം ഗംഗയിലെ കാറ്റേറ്റ് പ്രഭാത സവാരിക്ക് പോക്കുകയും ചെയ്തു. മടങ്ങിവന്ന് എട്ടര മണിയോടെ മഠത്തിലെ പൂജാമുറിയിൽ ധ്യാനത്തിൽ ലയിച്ചു. അതു പൂർത്തിയാക്കി പുറത്തുവന്നപ്പോഴെക്ക് മണി പതിനൊന്ന്.

” കാഴ്ചയിൽ കാർവർണ്ണമെങ്കിലും
എൻ ഹൃദയപദ്മത്തിൽ വിളങ്ങീടുന്നു….”

എന്നർത്ഥം പറയാവുന്ന ബംഗാളിയിലുള്ള ഒരു കാളിസ്തുതി മന്ത്രിച്ചു കൊണ്ടാണ് സ്വാമിജി പൂജാമുറിയിൽ നിന്ന് ഇറങ്ങിയത്… പിറ്റേന്ന് കാളി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ അദ്ദേഹം ശിഷ്യമാർക്ക് നിർദ്ദേശം നല്കുകയും ചെയ്തു.

May be a black-and-white image of 1 person

 

അതിനുശേഷം, സ്വാമിജി, തനിക്ക് പ്രീയപ്പെട്ട ഹിൽസാ മത്സ്യം കൂട്ടി സഹസന്യാസി മാരോടൊപ്പം ഊണു കഴിച്ചു. രാവിലെ മുതൽ അല്പം തലവേദന ഉള്ളതായി സ്വാമിജി പ്രേമാനന്ദയോടു പറഞ്ഞു. അല്പം വിശ്രമിച്ച ശേഷം, തലവേദന കാര്യമാക്കാതെ, സ്വാമിജി മഠത്തിലെ ബ്രഹ്മചാരികൾക്ക് നാലുമണി വരെ ക്ലാസ് എടുത്തു. വൈകുന്നേരം മഠത്തിന്റെ ആവശ്യവുമായി ബേലൂർ അങ്ങാടിയിലേക്ക് നടന്ന് പോയി തിരിച്ചു വന്നു.

തുടർന്ന്, സന്ധ്യാ സ്നാനവും പൂജയും…. പൂജയ്ക്കിടയിൽ സ്വാമിജിക്ക് വല്ലാത്ത ഉഷ്ണം അനുഭവപ്പെട്ടു. പിന്നീട് മലർന്ന് കിടന്നു…. വലതു കൈ വിറച്ചു; നെറ്റിത്തടത്തിൽ നിന്ന് വിയർപ്പ് ഒഴുകി….

അപ്പോഴെക്കും ആശ്രമവാസികളെല്ലാം ചുറ്റും കൂടി; ഡോ. മഹേന്ദ്ര മജുംദാരെ വിളിച്ചുകൊണ്ടു വന്നു. കൃത്രിമശ്വാസം നല്കാൻ ഡോക്ടർ നടത്തിയ ശ്രമം പരാജയപ്പെട്ടു.

ഏറെക്കഴിയുമുമ്പ് , രാത്രി 9. 10-ന്, ലോകാരാധ്യനായ സ്വാമി വിവേകാനന്ദന്റെ ദേഹം വെടിഞ്ഞ് പ്രാണൻ പോയി…

പിറ്റേന്നു രാവിലെയാണ് ഒൻപത് കിലോമീറ്റർ അകലെയുള്ള സ്വാമിജിയുടെ വീട്ടിൽ വിവരം അറിയിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്ക് ഒപ്പം അമ്മ ഭുമനേശ്വരി ദേവിയും മഠത്തിലെത്തി.

മുമ്പ്, സ്വാമിജി ശിഷ്യന്മാരോട് പ്രകടിപ്പിച്ച ആഗ്രഹം പ്രകാരം തന്നെ, മഠത്തിന്റെ തെക്കു കിഴക്കേ മൂലയിലുള്ള കൂവളത്തിന്റെ ചുവട്ടിൽ ചന്ദന വിറകളാൽ ആ ചിതകത്തി…. ചിത കത്തിയെരിയവേ, സിസ്റ്റർ നിവേദിത കഠിനമായ വൈകാരിതയോടെ ചിതയ്ക്ക് വലം വയ്ക്കുന്നുണ്ടായിരുന്നു…

ഈ സ്ഥാനത്താണ് ഇപ്പോൾ വിവേകാനന്ദ ക്ഷേത്രമുള്ളത്.

🌏

വിവേകാനന്ദന്റെ പിതാവ്, വിശ്വനാഥ ദത്ത,  52-ാം വയസിൽ മരിച്ചത് (അന്ന് നരേന്ദ്രൻ മാത്രമായിരുന്ന സ്വാമിക്ക് വയസ്സ് 21) ഒഴിച്ചാൽ ആ കുടുംബത്തിലെ അംഗങ്ങളെല്ലാം ദീർഘായുസ്സുള്ള വരായിരുന്നു.സ്വാമിജിക്ക് പാരമ്പര്യമായി ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു പറയുകയും  വയ്യ. 

ആദ്ധ്യാത്മിക ഭാരത്തിന് മാത്രമല്ല, ഭാരതത്തിന്റെ സാമൂഹിക പരിഷ്ക്കരണ രംഗത്തും വലിയൊരു മുന്നേറ്റത്തിന് നായകസ്ഥാനം വഹിക്കാൻ കഴിയുന്ന സ്വാമി വിവേകാനന്ദൻ നന്നേ, ചെറുപ്പത്തിൽ വിട പറഞ്ഞു.

പ്രശസ്ത ബംഗാളി നോവലിസ്റ്റും എഴുത്തുകാരനായ ശങ്കർ, വിവേകാനന്ദനിലെ വ്യക്തിയെക്കുറിച്ച് ‘ദ മോങ്ക് ആസ് മാൻ’ എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

—————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

 

____________