ലഖ്നൗ : ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ നടന്ന ആധ്യാത്മിക സമ്മേളനത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ നടത്തിയ സത്സംഗം കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൽ ആണ് ദുരന്തം.
ദുരന്തത്തിന് പിന്നാലെ പ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്.
മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. അപകടമെങ്ങനെ സംഭവിച്ചു എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിപാടിയിൽ സർക്കാർ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മൃതദേഹങ്ങള്‍ ഹാത്രസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
സത്സംഗത്തിന് ശേഷം ആളുകള്‍ തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരിച്ച് ഇറങ്ങാനുള്ള വഴി വളരെ വീതി കുറഞ്ഞതായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. തിരക്കില്‍പ്പെട്ട് ആളുകള്‍ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീഴുകയുമായിരുന്നു.ബാബയ്‌ക്ക് മടങ്ങുന്നതിനായി അനുയായികളെ തടഞ്ഞ് കാർ കടത്തിവിടുന്നതിനിടെ വലിയ ചൂടിൽപെട്ടാണ് ഇത്രയധികം ആളുകൾ മരിച്ചത് എന്ന് ആരോപണമുണ്ട്.
ഭോലെ ബാബ
സൗരഭ് കുമാർ എന്നയാളാണ് ഭോലെ ബാബ എന്ന ആത്മീയ ആചാര്യനായി മാറിയത് എന്ന് അധികൃതർ പറയുന്നു.ഉത്തർപ്രദേശ് പൊലീസിലെ ഇന്റലിജൻസ് വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ എന്നാണ് പറയുന്നത്. 17 വർഷത്തെ സർവീസിന് ശേഷം ജോലി ഉപേക്ഷിച്ച് ഇദ്ദേഹം പ്രഭാഷണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നുവത്രെ.
ഒരു ദർശനം ലഭിച്ച ശേഷം ജോലിയിൽ നിന്നും സ്വയം വിരമിച്ചാണ് അദ്ദേഹം സത്‌സംഗത്തിൽ മുഴുകിയത് എന്ന് അനുയായികൾ പറയുന്നു. ഹത്രാസിൽ എല്ലാ ചൊവ്വാഴ്‌ചയും സത്‌സംഗം സംഘടിപ്പിച്ചിരുന്നു.
മുൻപ് കൊവിഡ് കാലത്തും ഭോലെ ബാബയുടെ സത്‌സംഗം ഭരണകൂടത്തിന് വലിയ തലവേദന സൃഷ്‌ടിച്ചിരുന്നു. ഫറൂഖാബാദ് ജില്ലയിൽ 2022 മേയിൽ 50 പേർക്ക് മാത്രമായി സത്‌സംഗം നടത്തുന്നതിന് അദ്ദേഹം അനുമതി ചോദിച്ചിരുന്നു. എന്നാൽ അന്ന് 50,000ലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
കേന്ദ്രം ഉത്തർപ്രദേശ് സർക്കാരിന് എന്ത് സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിൽ നടപടികൾക്കിടെയാണ് പ്രധാനമന്ത്രി വിവരം അറിയിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹത്രാസ് സന്ദർശിക്കും.