കൊച്ചി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ. കാറ്റിന് 55 കിമീ വരെ വേഗം ഉണ്ടാവാൻ സാധ്യത.ഈ കാലാവസ്ഥ പരിഗണിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയിട്ടുണ്ട്.
ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത് – ശരാശരി 69 .6 മില്ലിമീറ്റർ.
മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി മഴ അതിശക്തമായി തുടരും.കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്.
അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.
നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്.
കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95 .8 മില്ലിമീറ്റർ), കണ്ണൂർ (89 .2 മില്ലിമീറ്റർ) കാസർഗോഡ് (85 ) എറണാകുളം (80 .1)മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ 199 ല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി. കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല.
കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അരുവിക്കര, കല്ലാർകുട്ടി , ലോവർ പെരിയാർ ,പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നീ ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന – ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്ക് തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.