കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്,യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് നിലവിലുള്ളത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറക്കുകയാണ്.മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകൾ തുറന്നു കഴിഞ്ഞു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും.
കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.