തിരുവനന്തപുരം: മാസപ്പടിക്കേസ് വീണ്ടും നിയമസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾക്ക് വഴിയൊരുക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി കൈപ്പറ്റി എന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പ്രസംഗത്തിനിടെ അദ്ദേഹത്തിൻ്റെ മൈക്ക് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓഫ് ചെയ്തു
രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മാത്യു ആരോപണം ഉന്നയിച്ചത്.
അദ്ദേഹത്തിൻ്റെ ആരോപണം ഇങ്ങനെ:
കരിമണൽ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. കമ്പനി ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് അവർ ഏതാണ്ട് മാസംതോറും വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പണം കൈപ്പറ്റുന്നതായി വ്യക്തമായി.
നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക ?
എന്നാല്‍, മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ ഷംസീര്‍ ഇടപെട്ടു പറഞ്ഞു.ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു.
കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടാണ് മൈക്ക് ഓഫ് ചെയ്തത്. ടി .വിചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം, തന്റെ ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കില്‍ നിഷേധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി സംബന്ധിച്ച് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ സഭയിൽ എഴുന്നേറ്റത്. കരിമണൽ കമ്പനിയുടെ രേഖകളിൽ ഉള്ള പിവി എന്നത് താനല്ല എന്നാണ് പിണറായി വിജയൻ അവകാശപ്പെടുന്നത്. ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പിവി താനല്ലെന്ന് ഹൈക്കോടതിയിൽ പിണറായി വിജയൻ പറയട്ടെ. പി വി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാൽ താൻ എംഎൽഎ സ്ഥാനം രാജിവെക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.