മുസ്ലിം പ്രീണനവും പാണക്കാട് തങ്ങളും വെള്ളാപ്പള്ളിയും…

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് ലഭിച്ച മേൽക്കെ ലഭിക്കാൻ കാരണം എന്തെന്ന് വിശകലനം ചെയ്യുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. എസ്.രാധാകൃഷ്ണൻ.

മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹം ഫേസ് ബുക്കിൽ കുറിപ്പിട്ടു.

കുറിപ്പിൻ്റെ പൂർണരൂപം:

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു. ആ സംഘടനയുടെ പരമാദ്ധ്യക്ഷനായ സാദിക് അലി തങ്ങൾ പറയുന്നു ” ബി ജെ പി ക്ക് വോട്ടു കൂടിയതിനെ കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്ന്”.മത വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ് . ഇസ്ലാം മതവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കലാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയുo ബഹുമത സമൂഹത്തിന് ഗുണം ചെയില്ല. അവർ എപ്പോഴും എന്തും അവർക്ക് വേണ്ടി മാത്രമായിരിക്കണം എന്നു ശഠിക്കും. അങ്ങിനെയാണ് ആകെയുള്ള ഒൻപതു രാജ്യസഭാംഗങ്ങളിൽ അഞ്ചും മുസ്ലിംകൾക്കായി അവർ നേടിയെടുത്തത്.

ഈ അനീതിക്ക് എതിരെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.എന്നാൽ,1906 ൽ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോഴം അവരുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു എന്ന കാര്യം മറക്കരുത്. മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോൾ പ്രധാനമായുo മൂന്നു ആവശ്യങ്ങളാണ് ബ്രിട്ടീഷുകാർക്ക് മുന്നിൽ നിരത്തിയത്.

1. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുകയാണെങ്കിൽ ഭരണം മുസ്ലീംകളെ ഏല്പിക്കണം. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുമ്പോൾ മുസ്ലീംകളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അതുകൊണ്ടു് അവർ ഇന്ത്യ വിട്ടു പോകമ്പോൾ ഭരണം തിരിച്ചേൽപ്പിക്കണം.

2. ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരും മുസ്ലിoകൾ ഭരിക്കുന്നവരുമായിരുന്നു. ഭരിക്കപ്പെട്ടിരുന്നവരുടെ കീഴിൽ ജീവിക്കാൻ ഭരണകർത്താക്കളായിരുന്ന മുസ്ലീംകൾ ഒരു കാരണവശാലും കഴിയില്ല. അതു കൊണ്ട് ഹിന്ദു ഭരണത്തിൻ കീഴിൽ കഴിയാൻ മുസ്ലീoകൾ തയ്യാറല്ല.

3. അഥവാ ഹിന്ദുക്കൾക്ക് ഭരണഭാരം കയ്യാളുകയാണെങ്കിൽ ഇന്ത്യയെ വിഭജിച്ച് മുസ്ലീംകൾക്കായി പ്രത്യേക രാജ്യം നല്കണo. അങ്ങിനെയാണ് 1947 ൽ പാക്കിസ്ഥാൻ രൂപീകൃതമായത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഹിന്ദു സംഘടനയായിട്ടാണ് ഇസ്ലാം മതവിശ്വാസികൾ കണ്ടിരുന്നത്. ഹിന്ദുക്കൾ ദൈവനിന്ദകരും അസത്യവിശ്വാസികളുമായ കാഫിർ കളാണ്. അവരുടെ സംഘടനയിൽ ദൈവത്തെ അനുസരിച്ചു സത്യവേദ വിശ്വാസികളായി ജീവിക്കുന്ന മുസ്ലിoകൾ ചേരുന്നതും പ്രവർത്തിക്കുന്നതും ദൈവനിന്ദയാകും.

അതു കൊണ്ട് ഇന്ത്യൻ മുസ്ലിംകളിൽ മഹാഭുരിപക്ഷം പേരും മുസ്ലീം ലീഗിനെയാണ് അവരുടെ സ്വന്തം സംഘടനയായി കണ്ടത്. മഹാത്മാ ഗാന്ധി ഭഗീരഥ പ്രയത്‌നം ചെയ്തിട്ടും വിരലിൽ എണ്ണാവുന്ന ദേശീയ മുസ്ലീംകളെയല്ലാതെ (അവരെ ദേശീയ മുസ്ലിംകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്) മറ്റാരേയും കോൺഗ്രസ്സിൽ ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന സത്യം കാണാതിരിക്കാനാകില്ല.

കേരളത്തിലെ മുസ്ലീംകളുo ഇതേ അഭിപ്രായക്കാരായിരുന്നു. 1921 ലെ ഖിലാഫത്ത് കലാപ കാലത്ത് കേരളത്തിലെ, വിശേഷിച്ചു അന്നത്തെ മലബാറിലെ, മുസ്ലിംകൾ, കോൺഗ്രസ്സിനോടു് അടുത്തു എന്നതു് നേരാണെങ്കിലും കലാപം അവസാനിച്ചപ്പോൾ അവർ കോൺഗ്രസിൽ നിന്ന് അകലുകയും ചെയ്തു. 1947 ആഗസ്റ്റ് 14 നു ശേഷം മുസ്ലീം ലീഗ് മൂന്നായി പിളർന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിൽ മുസ്ലിം ലീഗിൻ്റെ യൂണിററുകൾ നിലവിൽ വന്നു. അങ്ങനെയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുണ്ടായത്.

കേരളത്തിലെ മഹാ ഭുരിപക്ഷം ഇസ്ലാം മതവിശ്വാസികളും അവരുടെ രാഷ്ട്രീയ കക്ഷിയായി കണ്ടത് മുസ്ലിം ലീഗിനെ തന്നെയാണ്. കേരളത്തിലെ മുസ്ലീംകളിൽ മഹാഭൂരിപക്ഷം പേരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അവരുടെ രാഷ്ട്രീയ കക്ഷിയായി കരുതിയിട്ടില്ല എന്നതാണ് വസ്തുത. ഇന്നുo മുസ്ലിം രാഷ്ടീയ കക്ഷികളെയാണ് മുസ്ലീംകൾ അവരുടെ രാഷ്ടീയകക്ഷിയായി കരുതുന്നത്. 1947 നു ശേഷവും മുസ്ലിംകൾ കോൺഗ്രസ്സിനെ എതിർത്തു കൊണ്ടിരുന്നു. ഇന്ന് അവർ ബി ജെ പി യെ എതിർക്കുന്നു.

സംഘടിതരായി വോട്ടു ചെയ്യുന്ന ശീലം മുസ്ലിംകൾക്ക് ഉണ്ട്. അതു കൊണ്ട് കേരളത്തിൽ എൽ ഡി എഫും യുഡി എഫും അവരെ വോട്ടു ബാങ്കായി കരുതി പ്രീണിപ്പിക്കുന്നു. 1970 മുതൽ മുസ്ലീം വോട്ട് ബാങ്ക് യൂ ഡി എഫിനെയാണ് സഹായിക്കുന്നത്. എന്നാൽ പിണറായി വിജയൻ്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർകിസ്റ്റു പാർട്ടിയുo സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ല.

മുസ്ലീം ലീഗിനെ പാട്ടിലാക്കാനാണ് ആദ്യം ശ്രമിച്ചത്. അതോടൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനും ശ്രമിച്ചു. ഇസ്ലാം മതവിശ്വാസികൾക്കായി ഇഫ്താർ വിരുന്നകളും നിസ്കാര പുരകളും ഒരുക്കി കാത്തിരുന്നു. പാർടി പദവികളുo അധികാരസ്ഥാനങ്ങളം മുസ്ലിംകൾക്കായി കരുതി വെച്ചു. എന്നാൽ ,ഈ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ എൽ ഡി എഫിനെ ചതിച്ചു. അവർ കൂട്ടത്തോടെ യു ഡി എഫിന് വോട്ടു ചെയ്തു.

മാർക്സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക ഹിന്ദുക്കളാണ്. പിണറായി പാർടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിംകൾക്ക് പാർടി നല്കിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചത്.