സതീഷ് കുമാർ
വിശാഖപട്ടണം
നാല്പതുകളിലാണെന്നു തോന്നുന്നു ക്ഷേത്രനഗരിയായ ഏറ്റുമാനൂരിൽ ഒരു സാംസ്കാരിക സമ്മേളനം നടക്കുന്നു. ‘
മഹാകവി വള്ളത്തോൾ നാരായണമേനോനാണ് മുഖ്യാതിഥി. സാംസ്കാരിക സദസ്സിനുശേഷം നാട്ടിലെ ചെറുപ്പക്കാരുടെ വക ഒരു ഹാസ്യ കലാപരിപാടിയും സംഘാടകർ ഏർപ്പാട് ചെയ്തിരുന്നു.
ഏറ്റുമാനൂരമ്പലത്തിനടുത്ത് താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പങ്കജാക്ഷൻപിള്ള അന്ന് അവിടെ ഒരു പുതിയ പരിപാടി അവതരിപ്പിച്ചു. ആ ഹാസ്യ കലാപ്രകടനത്തിന്റെ ഇന്നത്തെ പേരാണ് “മിമിക്രി . ”
മുഖ്യാതിഥിയായിരുന്ന വള്ളത്തോളിനെ അതേപടി അനുകരിച്ച് കാണികളെ പൊട്ടിച്ചിരിപ്പിച്ച ശങ്കരൻ പങ്കജാക്ഷൻ പിള്ളയാണ് പിന്നീട് മലയാളത്തിൽ പ്രശസ്ത ഹാസ്യനടനായി തീർന്ന എസ് .പി. പിള്ള .
ഹാസ്യാനുകരണം മോശമായില്ലെന്നു മാത്രമല്ല വള്ളത്തോൾ ഈ ചെറുപ്പക്കാരന്റെ കലാപ്രതിഭ തിരിച്ചറിയുകയും കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് ഒരുവർഷത്തോളം കലാമണ്ഡലത്തിൽ ഓട്ടൻതുള്ളലിൽ പരിശീലനം .
തിരിച്ച് നാട്ടിലെത്തിയ എസ് പി പിള്ള നാടകങ്ങളിലൂടേയും കലാപരിപാടികളിലൂടേയും ശ്രദ്ധേയനാവാൻ തുടങ്ങി . അദ്ദേഹത്തിന്റെ നാടകാഭിനയം കണ്ട അപ്പൻതമ്പുരാൻ തന്റെ
” ഭൂതരായർ “എന്ന ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷം കൊടുക്കുന്നു .
പക്ഷേ ആ ചലച്ചിത്രം പുറത്തുവന്നില്ല.
1950-ൽ വന്ന “നല്ലതങ്ക ” യാണ് എസ് പി പിള്ളയുടെ തിയേറ്ററുകളിലെത്തിയ ആദ്യ ചലച്ചിത്രം .
ചിരിയുടെ തമ്പുരാനായ ചാർലി ചാപ്ലിന്റെ രൂപഭാവങ്ങൾ അനുകരിച്ചുകൊണ്ട് മലയാളത്തിലെ ചാർലി ചാപ്ലിൻ എന്ന പേര് സമ്പാദിക്കാൻ എസ് പി പിള്ളയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ കഴിഞ്ഞു.
ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ഹാസ്യനടൻ എന്ന് എസ് പി പിള്ളയെ വിശേഷിപ്പിക്കാം.അടൂർ പങ്കജമായിരുന്നു എസ് പി പിള്ളയുടെ അക്കാലത്തെ പ്രധാന ഹാസ്യ ജോടി. ഇവർ രണ്ടുപേരും അഭിനയിക്കുന്ന ഗാനരംഗങ്ങൾ അറുപതുകളിൽ മലയാള സിനിമകളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു.
ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച എസ് പി പിള്ള ഏറ്റുമാനൂരപ്പന്റെ പ്രിയ ഭക്തനായിരുന്നു. രാമുകാര്യാട്ടിന്റെ ” ചെമ്മീനി “ൽ മുക്കുവതുറയിലെ അരയനായ അച്ചൻകുഞ്ഞായി എസ് പി പിള്ളയുടെ പകർന്നാട്ടം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഉദയായുടെ വടക്കൻപാട്ട് സിനിമകളിൽ പുത്തൂരം വീട്ടിലെ വീരഗാഥകൾ പാടിനടക്കുന്ന “പാണനാർ ” ആയിരുന്നു ഈ നടന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം.
“പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
പൂപോലഴകുള്ളോരായിരുന്നു …”
https://youtu.be/LWTH1BPC7nM?t=15
എന്ന് ഉടുക്കുകൊട്ടി പാടി ഊരു ചുറ്റുന്ന പാണനാർ “ആരോമലുണ്ണി “എന്ന സിനിമ കണ്ടവരാരും മറന്നുകാണില്ല .
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ “ഡോക്ടർ ” എന്ന നാടകം സിനിമയാക്കിയപ്പോൾ ഈ ചിത്രത്തിലെ പ്രസിദ്ധമായ
“കേളെടി നിന്നെ ഞാൻ
കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടു കൊണ്ടാറാട്ട് ….”
എന്ന എസ് പി പിള്ളയുടെ ഗാനരംഗം ഈ സിനിമയ്ക്കു നൽകിയ ജനപ്രീതി പഴയ തലമുറക്കാർ ഓർക്കുന്നുണ്ടായിരിക്കണം .
എസ് പി പിള്ള അനശ്വരമാക്കിയ ഈ ഗാനം ഇപ്പോൾ പല വേദികളിലും പുനരാവിഷ്കരിക്കപ്പെടുന്നുണ്ട് ..
“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി ….”
നായര് പിടിച്ച പുലിവാലിലെ ഈ ഹാസ്യ ഗാനത്തിന് ഈ നടൻ പകർന്നു നൽകിയ ഭാവപ്രകടനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതു തന്നെയാണ്.
“എൻ കരളിൽ കണ്ണെറിയും ഗൗരിയെ …”
(ബാല്യകാലസഖി )
” കള്ളന്മാർ കാര്യക്കാരായി …”
(കടൽ )
“കള്ളനെ വഴിയിൽ മുട്ടും കണ്ടാലുടനെ തട്ടും …”
(കറുത്ത കൈ )
“അക്കണി പോലൊരു നാത്തൂനെ തേടി..”
(ഉമ്മണി തങ്ക )
“മാനത്തേക്ക് പറക്കും ഞാൻ …”
(കറുത്ത രാത്രികൾ)
“പാട്ടൊന്നു പാടുന്നേൻ പാണനാര് …”
(പാലാട്ട് കുഞ്ഞിക്കണ്ണൻ )
“കണ്ടം വെച്ചൊരു കോട്ടാണ്
ഇത് പണ്ടേ കിട്ടിയ കോട്ടാണ് …”
( കണ്ടം വെച്ച കോട്ട് )
തുടങ്ങിയ ഗാനങ്ങളെല്ലാം എസ് പി പിള്ള തിരശ്ശീലയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയാണ് നമ്മൾ കണ്ടതും കേട്ടതും ആസ്വദിച്ചതും .
1985 ജൂൺ 12-ന് ഈ ലോകത്തോട് യാത്ര പറഞ്ഞ എസ് പി പിള്ളയുടെ ചരമവാർഷികദിനമാണിന്ന്.
പകലന്തിയോളം പണിയെടുത്ത് തളർന്നു വന്നിരുന്ന ഒരു തലമുറയെ എല്ലാം മറന്ന് ചിരിയുടെ മായാലോകത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുപോയ പ്രിയനടന്റെ ഓർമ്മകൾക്ക് പ്രണാമം
—————————————————————————
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക