കെ. ഗോപാലകൃഷ്ണൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തേരോട്ടം സിപിഎമ്മിനെ ദയനീയമായ അവസ്ഥയിൽ എത്തിക്കുകയും ഭാരതീയ ജനതാ പാർട്ടിയെ ഒരു സീറ്റിൽ ഒതുക്കുകയും ചെയ്തതോടെ കേരളത്തിൽ രാഷ്ട്രീയ സ്ഥിതി ചൂടുപിടിക്കുകയാണ്.
നിർണായക രാഷ്ട്രീയ കാരണങ്ങളാൽ ഒരു കുടുംബ മണ്ഡലം എന്നു പറയാവുന്ന റായ്ബറേലിയിൽകൂടി മത്സരിക്കാൻ നിർബന്ധിതനായ രാഹുൽ ഗാന്ധി, വയനാട്ടിൽ 3.26 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്വല വിജയമാണ് നേടിയത്. കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതി ഇറാനിയോടു തോറ്റ രാഹുൽ ഇക്കുറി ഉത്തർപ്രദേശിൽ ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് നൽകിയത്.
സമാജ്വാദി പാർട്ടിയുടെ (എസ്പി) നേതാവായ അഖിലേഷ് യാദവിന്റെ സഹായത്തോടെ രാഹുൽ അത് കൃത്യമായി ചെയ്തു. വയനാട്ടിൽ ഉറച്ചുനിൽക്കുമെന്ന് രാഹുൽ ആദ്യം പറഞ്ഞിരുന്നു. എന്നാൽ, ന്യൂഡൽഹിയിൽ കേന്ദ്രസർക്കാർ രൂപീകരിക്കാനുള്ള പാർലമെന്ററി ശക്തിയും ഭൂമിശാസ്ത്രപരവുമായ കരുത്തു വർധിപ്പിക്കാനുള്ള അവസരവും ഒത്തുവന്നതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ് നേതാക്കൾ. രാഷ്ട്രീയ താത്പര്യങ്ങളും അധികാരമോഹങ്ങളും മറ്റെല്ലാ താത്പര്യങ്ങളെയും മാറ്റിമറിക്കുമെന്നതിൽ അതിശയിക്കാനില്ല.
റായ്ബറേലി നിലനിർത്താനും രാഹുലിനെ ഇന്ത്യ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുക്കാനും അതുവഴി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകാനും തീരുമാനമെടുക്കുന്നതോടെ വയനാട്ടിൽനിന്ന് മത്സരിക്കാൻ കോൺഗ്രസിന് മുതിർന്ന നേതാവ് ആവശ്യമാണ്. പ്രധാനമായും പാർട്ടിയുടെ കേരള ഘടകത്തിൽനിന്ന് നിരവധി നേതാക്കളെ പരിഗണിച്ചിരുന്നു.
മുൻമുഖ്യമന്ത്രി അന്തരിച്ച കെ. കരുണാകരന്റെ മകനും എ.കെ. ആന്റണി മന്ത്രിസഭയിലെ മുൻ വൈദ്യുതി മന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരന്റെ തൃശൂരിലെ തോൽവിക്കുപോലും കാരണമായ ഉൾപ്പാർട്ടി പിണക്കങ്ങളും ഗ്രൂപ്പിസവും കണക്കിലെടുത്ത് കേരളത്തിലെയും ഹൈക്കമാൻഡിലെയും പലരും വയനാട് മണ്ഡലത്തിലേക്ക് കേരളത്തിലെ ഒരു നേതാവിനെ നോമിനേറ്റ് ചെയ്യുന്നത് അപകടസാധ്യതയുള്ളതായി കരുതുന്നു. എന്തെന്നാൽ കേരളത്തിൽ നേതാക്കൾ പരസ്പരം പോരടിക്കുകയും ചേരിതിരിയുകയും ചെയ്യുന്നുവെന്നത് മാത്രമല്ല, യൂത്ത് കോൺഗ്രസ് നേതാക്കളും വിദ്യാർഥി സംഘടനകളിലുള്ളവരുംപോലും തമ്മിലടിക്കുന്നു.
തൃശൂരിൽ ഉൾപാർട്ടി ഗൂഢാലോചനയും വഴക്കും മൂലമാണ് മുരളീധരൻ തോറ്റതെന്നും തെരഞ്ഞെടുപ്പിനു ശേഷവും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി എന്നതും വസ്തുതയാണ്. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുൾപ്പെടെ ജൂനിയർ -സീനിയർ നേതാക്കൾക്കെതിരേ കർശന നടപടിയെടുക്കാനും കർശനമായ അച്ചടക്കം നടപ്പാക്കാനും കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചു.
തൃശൂരിൽ പ്രശസ്ത സിനിമാതാരം സുരേഷ് ഗോപിയോടു തോറ്റതിനെത്തുടർന്ന് പാർട്ടി പ്രവർത്തനത്തിലും രാഷട്രീയത്തിലുമുള്ള സജീവ പങ്കാളിത്തത്തിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ലോക്സഭയിലേക്കുള്ള ഒരു ബിജെപി സ്ഥാനാർഥിയുടെ ആദ്യ വിജയമാണ് തൃശൂരിലുണ്ടായത്. കേരളത്തിൽ ബിജെപി മികച്ച തുടക്കമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി അഭിമാനത്തോടെ പറഞ്ഞു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലും ഉൾപ്പെടുത്തി.
വയനാട്ടിൽ കേരളത്തിൽനിന്നൊരാളെ പ്രതിഷ്ഠിക്കുന്നത് ബുദ്ധിശൂന്യമായതിനാൽ, കേരളത്തിനു പുറത്തുള്ള മുതിർന്ന ഒരാളെയാണ് പരിഗണിക്കുന്നത്. കോൺഗ്രസിൽ കേരളത്തിന് പുറത്തുള്ള നേതാക്കളിൽ, വയനാട്ടിൽ അറിയപ്പെടുന്ന വ്യക്തിയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിൽ സജീവമായിരുന്ന പ്രിയങ്ക ഗാന്ധി വദ്ര. പ്രചാരണങ്ങളിലും സമ്മേളനങ്ങളിലും ജനക്കൂട്ടത്തോട് നന്നായി പ്രതികരിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. മധ്യപ്രദേശിലും കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണ വേദികളെ ഇളക്കിമറിച്ച് പ്രസംഗിക്കാൻ പ്രിയങ്കയ്ക്കു കഴിയുന്നുണ്ട്. സാരികൊണ്ടോ ദുപ്പട്ടകൊണ്ടോ തലമറച്ചും മറയ്ക്കാതെയും അവർ മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ കടന്നാക്രമിക്കുന്നതു കാണാനായി. വയനാടിന്റെ നീക്കത്തെ അവർ ഇതുവരെ എതിർത്തിട്ടില്ലെങ്കിലും ഒടുവിൽ തീരുമാനം ഹൈക്കമാൻഡിന്റേതാകും.
അമ്പത്തിരണ്ടുകാരിയായ പ്രിയങ്കയ്ക്ക് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുണ്ട്. 1984വരെ ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിൽ പഠിച്ചു. സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിലേക്കു മാറി. ജ്യേഷ്ഠൻ രാഹുലും ഇതേ നിർബന്ധങ്ങൾ കാരണം പഠനം ഡൽഹിയിലേക്കു മാറ്റി. ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം, തീവ്രവാദ ഭീഷണികൾ കാരണം, അവർ രണ്ടുപേരും വീട്ടിലിരുന്ന് പഠിച്ചു. പിന്നീട് പ്രിയങ്ക കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിലേക്കു മാറി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും പിന്നീട് 2010ൽ ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി.
ഡൽഹിയിലെ വ്യവസായിയായ റോബർട്ട് വദ്രയെ അവർ വിവാഹം കഴിച്ചു. 1997ൽ പ്രിയങ്ക ഗാന്ധി വദ്ര എന്ന പേര് ഉപയോഗിച്ചു തുടങ്ങി. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ന്യൂഡൽഹിയിലെ ലോദി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അവർ ഇപ്പോൾ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. ഉത്തർപ്രദേശിലെ വിവിധ രാഷ്ട്രീയ സമരങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട് എന്ന് ചുരുക്കം. റായ്ബറേലിയിലും അമേഠിയിലുമാണ് അവർ ഏറ്റവും സജീവമായത്. വിവിധ രാഷട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ ചുരുങ്ങിയ കാലത്തേക്ക് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടിയ ശേഷം, വിജയിക്കാനായി പൂർണ വീര്യത്തോടെയും ഊർജസ്വലതയോടെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. വയനാട്ടിലും വിജയിച്ച് പാർട്ടിയുടെ രാഷട്രീയ ശക്തി വർധിപ്പിക്കുകയെന്നതും കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നു.
കോൺഗ്രസിന്റെ സമീപകാല തെരഞ്ഞെടുപ്പ് വിജയങ്ങളും ലോക്സഭയിൽ ഭൂരിപക്ഷം നേടാനാകാതെ നരേന്ദ്ര മോദിയുടെ എൻഡിഎയെ 240 സീറ്റിൽ ഒതുക്കിയതും വഴി ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളും വിഷയങ്ങളും സജീവമായി ഏറ്റെടുത്താൽ, പാർട്ടിക്ക് പഴയതുപോലെ അധികാരത്തിൽ തിരിച്ചെത്താനാകും. ജനക്കൂട്ടവുമൊത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാഹുലിന്റെ പദയാത്രകൾ നീങ്ങിയത് പാർട്ടിക്ക് മികച്ച സ്വീകാര്യത സൃഷ്ടിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് നേതാക്കൾ ജനങ്ങൾക്ക് പ്രാപ്യരാണ്.
തെരഞ്ഞെടുപ്പ് വിജയങ്ങൾക്കായി ഫലപ്രദമായി പ്രവർത്തിക്കാതിരുന്ന കോൺഗ്രസ് ഇപ്പോൾ ഉത്തരേന്ത്യയിലെ സമീപകാല വിജയകരമായ അനുഭവങ്ങൾക്കുശേഷം കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്.
പ്രിയങ്ക ഗാന്ധി വയനാട്ടിൽ പാർട്ടിയുടെ സ്ഥാനാർഥി ആയാലും അത്ഭുതപ്പെടേണ്ടതില്ല. പാർട്ടി അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സംഘടനയെ പുനരുജ്ജീവിപ്പിക്കാനും താത്പര്യപ്പെടുന്നതായി തോന്നുന്നു. കേന്ദ്രത്തിൽ ബഹുകക്ഷി സഖ്യം നിലവിൽ വരുന്നതോടെ പുതിയ മോദി സർക്കാരിന്റെ ശൈലിയിലും പ്രവർത്തനരീതിയിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ബ്രാൻഡ് മോദി അജയ്യനല്ലെന്നും നിശ്ചയദാർഢ്യത്തോടെയും ധീരതയോടെയും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും അധികാരത്തിൽ തിരിച്ചെത്തിക്കാനും കഴിയുമെന്ന് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. ഒരുപക്ഷേ, ഉജ്വലമായ വിജയം മുഖ്യലക്ഷ്യമാക്കിയുള്ള ഇന്ത്യ മുന്നണിയുടെ പുതിയ സംരംഭങ്ങളുടെ തുടക്കമാകാം വയനാട്.
എല്ലാത്തിനുമുപരി, കുടുംബ ശ്രേണികൾക്ക് വിജയിക്കാനും ഏറ്റവും മോശമായ ആക്രമണങ്ങളെപോലും അതിജീവിക്കാനും കഴിയുമെന്ന് തെളിയിക്കാൻ നെഹ്റു ഗാന്ധി കുടുംബം ആഗ്രഹിച്ചേക്കാം.
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക