പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല

ന്യൂഡൽഹി: നിരോധിക്കപ്പെട്ട സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.യു.എ.പി.എ കേസിൽ തടവിൽ കഴിയുകയാണ് അദ്ദേഹം. ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സെപ്റ്റംബർ 22നാണ് അബൂബക്കറിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സംഘടന ഭാരവാഹികളും അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ഇതിനായി അവരുടെ കേഡർമാർക്കായി പരിശീലന ക്യാമ്പുകൾ നടത്തുകയും ചെയ്തെന്നായിരുന്നു ആരോപണം.

തനിക്കെതിരെ ചുമത്തിയ കേസിൽ യാതൊരു തെളിവും ഇല്ലെന്ന് അബൂബക്കർ വാദിച്ചു. 70 വയസ്സുള്ള താൻ പാർക്കിൻസൺസ് രോഗത്തോട് പോരാടുന്ന, അർബുദത്തെ അതിജീവിച്ചയാളാണെന്നും കസ്റ്റഡിയിലിരിക്കെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിരവധി തവണ ചികിത്സ തേടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ ഹർജിയെ എതിർത്ത എൻ.ഐ.എ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കേഡർമാരെ പരിശീലിപ്പിക്കാൻ ക്യാമ്പുകൾ സംഘടിപ്പിച്ചതിന് അബൂബക്കറിനെതിരെ തെളിവുണ്ടെന്നും നിരവധി കേസുകളുണ്ടെന്നും ബോധിപ്പിച്ചു.

2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അഞ്ചുവർഷത്തേക്ക് കേ​ന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തുന്നത്.