തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ നടക്കുന്നതിനിടെ ഗുണ്ടാ നേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് സാബു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി. ഡിവൈഎസ്പിക്കൊപ്പം മറ്റ് രണ്ടു പൊലീസുകാരെക്കൂടി വിരുന്നിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരും പിടിയിലാവുന്നത്.
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലായിരുന്നു വിരുന്ന്. അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു എന്നാണ് പറയുന്നത്.
സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇതിനിടയിലാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നത് ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.