ബിജെപി തനിച്ച്‌ ഭൂരിപക്ഷം കിട്ടില്ല: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 2019 ല്‍ ലഭിച്ചതിനേക്കാള്‍ 50 സീറ്റ് കുറയുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്.

കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച്‌ 303 സീറ്റുകളും എൻ ഡി എയ്ക്ക് 323 സീറ്റുകളും നേടാൻ സാധിച്ചിരുന്നു

ബി ജെ പിക്ക് ഇത്തവണ തനിച്ച്‌ കേവലഭൂരിപക്ഷം നേടാൻ ആവില്ലെന്ന് യാദവ് പ്രവചിക്കുന്നു. ബി ജെ പി 300നടുത്ത് സീറ്റുകള്‍ നേടുമെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.

ബി ജെ പിക്ക് 240 മുതല്‍ 260 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എൻ ഡി എ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 45 സീറ്റുകള്‍ വരെ ലഭിക്കും. അതായത് എൻ ഡി എയ്ക്ക് 275 മുതല്‍ 305 വരെ സീറ്റിനുള്ള സാധ്യതയുണ്ട്.

കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകള്‍ കുത്തനെ ഉയർത്തുമെന്നും അദ്ദേഹം പറയുന്നു. 85 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിച്ചേക്കും.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടാതെ 120 സീറ്റുമുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കാം.

ബി ജെ പി ബംഗാളില്‍ നേട്ടമുണ്ടാക്കിയേക്കും. ബംഗാളില്‍ പ്രതിപക്ഷ സഖ്യമില്ലാത്തത് ബി ജെ പിക്ക് നേട്ടമാകും. എന്നാല്‍ 2019 ല്‍ നേടിയ 18 സീറ്റുകൾ കിട്ടില്ല. ഒഡീസയില്‍ ബി ജ പി നേട്ടം കൊയ്യും. 4 സീറ്റുകള്‍ ഇവിടെ അധികമായി നേടാനാവും.

അതേസമയം തൻ്റെ പ്രവചനത്തെ ന്യായീകരിക്കാൻ യോഗേന്ദ്ര യാദവിന്റെ വാക്കുകൾ പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദ്ഗ്ധൻ പ്രശാന്ത് കിഷോർ പങ്കിട്ടിട്ടുണ്ട്.ബി ജെ പി ഇക്കുറിയും അധികാരത്തിലേറുമെന്ന പ്രശാന്ത് കിഷോറിൻറെ പ്രവചനം നേരത്തേ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ബി ജെ പി 370 സീറ്റ് നേടില്ല, എന്നാല്‍ 300 ന് മുകളില്‍ സീറ്റ് നേടി വിജയിക്കുമെന്നായിരുന്നു പ്രവചനം.