ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി.14 പേരുടെ പൗരത്വ രേഖ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി.
പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളപ്പോൾ
ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്. അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം.
പൗരത്വം നല്കുന്നത് സെൻസസ് ഡയറ്കർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല.
രാജസ്ഥാൻ, ഉത്തർ പ്രദേശ് ,ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്ക് തുടക്കത്തിൽ പൗരത്വം നല്കി.പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം ലഭിച്ചത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിയമ ഭേദഗതിക്കെതിരെ കേരള സർക്കാരും മുസ്ലിം ലീഗും ഹർജി നല്കിയിരുന്നു. സി എ എ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്.
അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ
ഈ നിയമ ഭേദഗതി വലിയ ചർച്ചാ വിഷയമായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലൂടെ ലക്ഷ്യമിട്ട മത ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തിൽ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.