ഗുരു നിത്യചൈതന്യയതി🔸25-ാം ഓർമ്മ ദിനം, ഇന്ന്

ആർ. ഗോപാലകൃഷ്ണൻ

🌀

❝ ‘ദൈവം’ ഒരു ‘നാമ’മല്ല, ‘ക്രിയ’യാണ്! ❞ എന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാനാകാത്ത തത്വം നുണ. തൻ്റെ ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ആവശ്യമായ യഥാര്‍ഥ ആത്മീയതയെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു.

ആശ്രമവാസത്തെ മതേതരമൂല്യങ്ങളാല്‍ സമൃദ്ധമാക്കിയ ഗുരു നിത്യ ചൈതന്യയതിയുടെ 24-ാം ഓർമ്മ ദിനം, ഇന്ന്.

 

🌍

ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2-നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു.

ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും രമണ മഹർഷിയായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ഗുരുവിൽ നിന്ന് ‘നിത്യ ചൈതന്യ’ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. (ഗുരു ആരായിരുന്നു നിശ്ചയമില്ല- നടരാജ ഗുരുവിവിൽ നിന്നല്ല എന്നാണ് കേട്ടിട്ടുള്ളത്.)

കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണ കോളേജ് , ചെന്നൈ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.

🌍

ശ്രീനാരായണഗുരുവിന്റെ രണ്ടാം തലമുറ പിൻഗാമിയായി. നാരായണ ഗുരുവിൻ്റെ ശിഷ്യനായ, നടരാജ ഗുരുവിൻ്റെ ശിഷ്യൻ.

1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

 

ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. ഹൈന്ദവ സന്ന്യാസി ആയിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം എന്നു തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘നളിനി എന്ന കാവ്യശില്പം’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി നിരൂപണ അവാർഡ് ലഭിച്ചിട്ടുണ്ട്.

അദ്ദേഹം 1999 മേയ് 14-നു ഊട്ടിയിലെ ഫേൺ ഹില്ലിൽ തൻ്റെ ആശ്രമത്തിൽ ദേഹവിയോഗം പ്രാപിച്ചു.

 

 

======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക