ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി നടപടി.
ജൂൺ 1 വരെയാണ് ജാമ്യം. ജൂൺ 2 ന് തിരികെ തിരികെ തിഹാർ ജയിലെത്തണം.തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന് മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും കെജ്രിവാള് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു.
50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിക്ക് വലിയ നേട്ടമായിരിക്കുകയാണ്.