തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായി ബന്ധപ്പെട്ട
മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ കേസെടുക്കണമെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.
വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി.സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു വീണയ്ക്ക്
സിഎംആർഎല്ലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ ആരോപണം.
തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു.
തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു . റവന്യു വകുപ്പിനോട് സി എം ആർ എൽ എം.ഡി:
എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു ഹർജിയിൽ ആരോപിക്കുന്നു.അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യുവിന്റെ ആരോപണം.