ഇന്ദിരാഗാന്ധിയും സിഖുകാരുടെ പ്രതികാര ചരിത്രവും

പി.രാജൻ

താങ്കൾക്ക് സിഖുകാരുടെ ചരിത്രം അറിഞ്ഞു കൂടാ. സിഖു കാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനോട് പറഞ്ഞ വാക്കുകൾ ആണ് ഇത്.

ഇന്ദിരാ ഗാന്ധി സ്വന്തം മരണം മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഒരു പത്രപ്രവർത്തകൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത് സംബന്ധിച്ച്  മനോരമയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോഴാണ് കരുണാകരൻ പറഞ്ഞ കാര്യം ഓർത്തത്.

ഈ സംഭവം എന്നോട് പറഞ്ഞിട്ട് ഒരു ഗുണവും കാട്ടാനില്ലാത്ത കാലത്താണ് കരുണാകരൻ ഇത് പറഞ്ഞത്. ഒരു കേരള പര്യടനത്തിനിടയിൽ ക്ഷീണിതയായി കാറിൽ കിടന്നു പാതി മയക്കത്തിനിടയിൽ താൻ കൊല്ലപ്പെടുമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. എന്താണ് ഈ പറയുന്നതെന്ന് അന്ധാളിപ്പോടെ കരുണാകരൻ ചോദിച്ചപ്പോഴാണ് ഇന്ദിരാ ഗാന്ധി സിഖുകാരുടെ ചരിത്രത്തെപ്പറ്റി ഓർമ്മിപ്പിച്ചതത്രെ.

സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം കടന്നു കയറി ബിന്ദ്രൻ വാലയെ കൊലപ്പെടുത്തിയതിനു , ഖാലിസ്ഥാനി ഭീകരന്മാർ പ്രതികാരം ചെയ്യുമെന്ന് രഹസ്യാന്വേഷണ പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു . സിഖുകാരെ അംഗരക്ഷകരിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഈ നിർദ്ദേശത്തെ താത്വികമായി ഇന്ദിരാ ഗാന്ധി തന്നെ എതിർത്തിരുന്നുവെന്ന് പിന്നീട് വായിച്ചിട്ടുണ്ട്. തീർച്ചയായും ഭരണാധികാരിയെന്ന നിലയിൽ അത് അവരുടെ മഹത്വം ആണ് കാണിക്കുന്നത്. മതവിശ്വാസത്തിന്റെ പേരിൽ ഉദ്യോഗസ്ഥന്മാരെ ജോലിയിൽ നിയോഗിക്കുകയോ നിയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് മതേതര രാജ്യത്ത് ശരിയല്ലല്ലോ.

സിഖുകാരുടെ ചരിത്രത്തിൽ പ്രതികാരവും കുടുംബത്തോടെ ഉന്മൂലനം ചെയ്യുന്നതും അംഗീകൃത ധർമ്മം ആണ്. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലക്ക് വർഷങ്ങൾക്കു ശേഷം ഉദ്ധം സിങ്ങ് പ്രതികാരം ചെയ്തത് സിഖു ചരിത്രത്തിൽ കൊണ്ടാടപ്പെടുന്ന വീര കഥയാണ്. നമ്മുടെ വടക്കൻ പാട്ടിലെ വീരകഥകളെപ്പോലെയാണിത്.

എന്തായാലും പ്രതികാരവും കുടുംബത്തെ ഉന്മൂലനം ചെയ്യുന്നതും പരിഷ്ക്കൃത സമൂഹത്തിൽ നിയമത്തിനോ ധർമ്മത്തിനോ നിരക്കുന്നതല്ല. ഇന്ദിരാ ഗാന്ധിയെ വെടിവെച്ചു കൊന്ന വാർത്തയറിഞ്ഞപ്പോൾ ചുരക്കം ചില സിഖുകാർ കൊച്ചിയിൽ പോലും മധുരം വിതരണം ചെയ്തിരുന്നു.

ആ നീച കൃത്യം നടക്കുമ്പോൾ ഞാൻ തീവണ്ടി യാത്രയിൽ ആയിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പത്രപ്രവർത്തകരിൽ ഒരു സർദാർജി സുഹൃത്തുമുണ്ടായിരുന്നു. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ദൽഹിയിൽ സിഖുകാർ കൂട്ടക്കൊലയ്ക്ക്  ഇരയാകുമെന്ന് അദ്ദേഹം ഭയന്നിരിക്കാം. ഏത് തത്വമനുസരിച്ചായാലും അംഗരക്ഷകൻ തന്നെ പിന്നിൽ നിന്നു വെടിവെച്ചു കൊല്ലുന്നത് നീതീകരിക്കാനാവില്ല.

—————————————————–
പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക