ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കെ.എൽ.ശർമ അമേഠിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർഥിയാവും.
റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. കേരളത്തിലെ വയനാട് സ്ഥാനാർഥിയായിരുന്നു രാഹുൽ. റായ്ബറേലിയിൽ ജയിച്ചാലും വയനാട് കൈവിടാൻ ആവില്ലെന്ന് അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേഠിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദം ഉയർന്നിരുന്നുവെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ല.ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു.
അമേഠിയിൽ കേന്ദ്രമന്ത്രിയും എംപി സ്മൃതി ഇറാനിയും റായ്ബറേലിയിൽ ഉത്തർ പ്രദേശ്
മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.