പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ. എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്നുമാത്രമേ വിളിക്കാനാവൂവെന്നും ഗാന്ധി എന്ന പേരുകൂട്ടി ഉച്ചരിക്കാൻപോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നുമായിരുന്നു പി വി അൻവറിന്റെ പരമാർശം. പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ പരമാർശം നടത്തിയത്.
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്’, പി വി അൻവർ പറഞ്ഞു.
‘രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്ന പേരുകൂട്ടി ഉച്ചരിക്കാൻപോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. പെരിനൊപ്പമുള്ള ഗാന്ധി എന്നത് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിലിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്. നെഹ്‌റു കുടുംബത്തിൽ ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? അൻവർ അവകാശപ്പെട്ടു
രാഹുൽ ഗാന്ധിക്കെതിരെ പി വി അൻവറിന്റെ പരാമർശത്തിൽ പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വിജയരാഘവൻ രംഗത്തെത്തി. പ്രസംഗത്തിന്റെ ഏതെങ്കിലും ഭാഗം എടുത്ത് വിവാദമാക്കേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രസംഗിക്കുമ്പോൾ നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്. അൻവറിന്റെ പ്രസംഗം കേട്ടില്ലെന്നും അതിനാൽ മറുപടി പറയുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു.