April 22, 2025 1:08 pm

സ്വത്തുവിവരം മറച്ചുവച്ചു: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സ്വത്തുവിവരം മറച്ചുവച്ചു എന്നാരോപിച്ച് കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചുവെന്നും, ഇതു സംബന്ധിച്ച പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിച്ചു എന്നും ഹർജിയിൽ ബോധിപ്പിക്കുന്നു.

കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി നൽകിയത്. വീടിന്റെയും, കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചെന്നും, ഓഹരികളുടെ മൂല്യം കുറച്ചു കാണിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. 2018-ൽ രാജ്യ സഭയിലേക് മത്സരിച്ചപ്പോഴും ഇതേ കാര്യം ചെയ്തു എന്നും ഹർജിയിൽ പറയുന്നുണ്ട്.

സൂക്ഷ്മ പരിശോധന സമയത്തു ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ചു വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത്. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക്‌ കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽ തങ്ങളുടെ പരാതിയിൽ രണ്ട്‌ ദിവസത്തിനുള്ളിൽ ഉത്തരവ് ഉണ്ടാവണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകും.

ശശി തരൂർ ആണ് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർഥി.  എൽ ഡി എഫിൻ്റെ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News