ന്യൂഡൽഹി : കള്ളപ്പണം തടയാൻ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ആവശ്യമായ മാററങ്ങൾ വരുത്തി തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.
ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും. ബോണ്ടിനെ പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി സർക്കാർ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സർക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചർച്ച ചെയ്ത് സുതാര്യമായി ചട്ടക്കൂട് ഉണ്ടാക്കുമെന്നും അവർ വ്യക്തമാക്കി.
ഇലക്ട്രൽ ബോണ്ട് സംവിധാനം തെരഞ്ഞെടുപ്പ് ഫണ്ടിംഗിൽ സുതാര്യത ഉറപ്പാക്കാൻ സഹായിച്ചിരുന്നു. ഇത് കള്ളപ്പണം വരുന്നത് തടയാൻ സഹായിച്ചു. എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഇത് പരിഷ്ക്കരിക്കുമെന്നും കള്ളപ്പണം പഴയ രീതിയിൽ ഈ രംഗത്ത് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
സ്യൂട്ട് കേസുകളിൽ പണവും സ്വർണ്ണവും നല്കിയിരുന്ന കാലത്തേക്ക് തിരിച്ച് പോകാനാവില്ല. എന്നാൽ ഇലക്ട്രൽ ബോണ്ട് വഴി പണം സ്വീകരിച്ച പാർട്ടികൾ ഇപ്പോൾ ഇതിനെ എതിർക്കുന്നത് അവസരവാദപരമാണെന്നും അവർ കുററപ്പെടുത്തി.