സതീഷ് കുമാർ
വിശാഖപട്ടണം
മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.
നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്
കെ പി എ സി സുലോചന പാടിയ
“വെള്ളാരംകുന്നിലെ
പൊൻ മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ … “
https://youtu.be/CIaDh6cVWBk?t=16
എന്ന ഒരൊറ്റഗാനം റെക്കോർഡു ചെയ്യപ്പെട്ടതോടുകൂടി അവരുടെ ആശങ്കകളെല്ലാം പമ്പ കടന്നു.
അതുവരെ മലയാളത്തിലെ ചലച്ചിത്രഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളുടെ വിൽപ്പനയെ പിന്തള്ളി “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന്റെ ഗ്രാമഫോൺ റെക്കോർഡുകൾ വില്പനയിൽ ചരിത്രം സൃഷ്ടിച്ചു .
ഈ ഗാനം പാടിയ കെ പി എ സി സുലോചന എന്ന നടിയായ ഗായികയുടെ പ്രശസ്തി മാനംമുട്ടെ ഉയർന്നു. ആകാശവാണിയിലെ “ബാലലോകം “പരിപാടിയിൽ പാടിയിരുന്ന കൗമാരക്കാരിയായ സുലോചനയുടെ പാട്ടിന്റെ മാധുര്യം കേട്ടിട്ടാണ് കെ പി എ സി ഗ്രൂപ്പ് സുലോചനയെ തേടിയെത്തുന്നത്.
അങ്ങനെ അവരുടെ ആദ്യ നാടകമായ “എന്റെ മകനാണ് ശരി” യിൽ സുലോചന പാടിയഭിനയിക്കുന്നു. കോളിളക്കം സൃഷ്ടിച്ച കെ പി എ സി യുടെ
” നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിലൂടെ അഭിനേത്രിയായും ഗായികയായും സുലോചന കേരളത്തിന്റെ കണ്ണിലുണ്ണിയായി മാറിയ കഥ ഇന്നലെകളുടെ നാടക ചരിത്രം കൂടിയാണ്.
തേനൂറുന്ന അവരുടെ മധുര ശബ്ദത്തിലൂടെ ഒഴുകിയെത്തിയ നാടകഗാനങ്ങൾ കേരളം അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റി ലാളിച്ചു.
“തലയ്ക്കു മീതെ ശൂന്യാകാശം ..”.( അശ്വമേധം)
“മാൻകിടാവേ മാൻകിടാവേ …”
( വിശറിക്കു കാറ്റു വേണ്ട)
” വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ ..”.( സർവ്വേക്കല്ല് )
“ചെപ്പു കിലുക്കണ ചങ്ങാതി
നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂല്ലേ …”
( മുടിയനായ പുത്രൻ )
https://youtu.be/oPHrmAJDXEE?t=11
“അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് …”
(മുടിയനായ പുത്രൻ )
“ബലികുടീരങ്ങളെ …”
(വിശറിക്ക് കാറ്റ് വേണ്ട )
https://youtu.be/WyRgiMvTz_I?t=33
“ഓടക്കുഴലുമായി
വന്നവനിന്നലെ … “
( സർവ്വേക്കല്ല് )
“ആ മലർപൊയ്കയിൽ ആടിക്കളിക്കുന്നൊരോമന ത്താമരപൂവേ …”
(സിനിമ :കാലം മാറുന്നു.)
“തുമ്പപ്പൂ പെയ്യണ പൂനിലാവേ
എന് നെഞ്ച് നെറയണ് പൂങ്കിനാവേ …”
(സിനിമ : രണ്ടിടങ്ങഴി )
എന്നീ നാടക ചലച്ചിത്ര ഗാനങ്ങളിലൂടെ
കെ പി എ സി സുലോചന മലയാള നാടിന് പകർന്നുതന്ന സംഗീത മധുരിമ അനിർവചനീയമായിരുന്നു .
2005 ഏപ്രിൽ 17-ന് തിരശ്ശീലവീണ അവരുടെ ജീവിത നാടകത്തിന്റെ ചരമ വാർഷികദിനമാണിന്ന് .
കെ പി എ സി സുലോചനയുടെ ജീവിതം ഒരർത്ഥത്തിൽ മലയാള നാടകങ്ങളുടേയും നാടക ഗാനങ്ങളുടേയും ചരിത്രം തന്നെയാണ് ..
————————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക