മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ മൂന്ന് തവണ തുറന്നു

In Featured, Special Story
April 11, 2024

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ തുറന്നു കണ്ടെന്ന് പ്രത്യേക വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റിപ്പോർട്ട്. ഇതിൽ ഒരു പരിശോധന നിയമവിരുദ്ധമാണെന്നും ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതി മജിസ്ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്തദാർ താജുദ്ദീനുമാണ് ദൃശ്യങ്ങൾ കണ്ടത്. മജിസ്ട്രേറ്റ് ദൃശ്യങ്ങൾ കണ്ടത് കേസിന്റെ ഭാഗമായാണ്. മഹേഷ് പരിശോധിച്ചത് ജഡ്ജിയുടെ നി‌ർദ്ദേശപ്രകാരവുമാണ്. താജുദ്ദീൻ മൊബൈലിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടതാണ് നിയമവിരുദ്ധം.

മജിസ്ട്രേറ്റും മഹേഷും വീടുകളിൽ വച്ചും താജുദ്ദീൻ കോടതി സിറ്റിംഗില്ലാത്ത ദിവസവുമാണ് ദൃശ്യങ്ങൾ കണ്ടത്. മജിസ്ട്രേറ്റിനും ക്ലാർക്കിനുമെതിരേ നടപടി ആവശ്യമില്ല. താജുദ്ദീന്റെ വിവോ ഫോൺ 2022ൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടെന്നാണ് മൊഴി നൽകിയത്.

കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാ‌ർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിചാരണക്കോടതി ജഡ്ജി അന്വേഷിച്ചത്. ജനുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് ലഭ്യമാക്കിയിരുന്നു.

————————————–

റിപ്പോർട്ട് റദ്ദാക്കണമെന്ന് നടി

================================

ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഉപഹർജി നൽകി. ജഡ്ജിയുടെ റിപ്പോർട്ട് വസ്തുതാന്വേഷണമല്ല. വസ്തുതകൾ ഒളിപ്പിച്ച് കുറ്റക്കാരെ സംരക്ഷിക്കാനാണ്. മജിസ്ട്രേറ്റിന്റെയും കോടതി ജീവനക്കാരുടെയും ദുരൂഹമായ ഇടപെടലുകൾ പൊലീസ് അന്വേഷിക്കണം. ദൃശ്യങ്ങൾ പുറത്തായെങ്കിൽ തന്റെ ജീവിതം ദുഃഖപൂർണമാകും. അതിനാൽ ഐ.ജി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. ഹൈക്കോടതി മേൽനോട്ടത്തിലാകണം അന്വേഷണം.