April 22, 2025 1:07 pm

പാര്‍ട്ടി വാദം പൊളിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്: ലക്ഷ്യമിട്ടത് പാര്‍ട്ടി എതിരാളികളെ തന്നെ

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം വാദങ്ങള്‍ പൊളിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സി.പി.എം. പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോ ഭാരവാഹികളോ ആണ്. ഇവര്‍ക്കെല്ലാം ബോംബ് നിര്‍മിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കാനടക്കം നേതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31) ആണ് മുഖ്യസൂത്രധാരന്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതുവരെ സിപിഎം വാദം. പ്രാദേശികവിഷയമാണെന്നും രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായാണ് ബോംബ് നിര്‍മാണമെന്നുമായിരുന്നു സിപിഎം നേതൃത്വം പറഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസമാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ എലിക്കൊത്തിന്റെവിട ഷരില്‍(31) മരിച്ചിരുന്നു. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ടെറസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം.

അതേസമയം, കേസില്‍ മൂന്നുപേരുടെ അറസ്റ്റ്കൂടി രേഖപ്പെടുത്തി. സ്ഫോടനം നടന്നയുടന്‍ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29), സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ-26) എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിഐ.ടി.യു. പ്രവര്‍ത്തകന്‍ കൂടിയായ അശ്വന്തിനെ ഡിസ്ചാര്‍ജ്ചെയ്തയുടനെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂത്തുപറമ്പ് അസി. പോലീസ് കമ്മിഷണര്‍ കെ.വി. വേണുഗോപാലിന്റെയും പാനൂര്‍ ഇന്‍സ്പെക്ടര്‍ പ്രേംസദന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഉദുമല്‍പ്പേട്ടയില്‍ ഒളിവിലായിരുന്ന ഷിജാല്‍, കെ. അക്ഷയ് എന്നിവരെ കഴിഞ്ഞദിവസം കസ്റ്റഡിലെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News