April 21, 2025 11:07 am

ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. ക്ഷേമ പെൻഷൻ വിതരണ ഉറപ്പാക്കുന്നതിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. എത്ര രൂപ നൽകണമെന്നും എപ്പോൾ നൽകണമെന്നും സർക്കാരാണ് തീരുമാനിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ ഉൾപ്പെടുന്നതല്ല ക്ഷേമ പെൻഷൻ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ എന്നീ മൂന്നു വിഭാഗങ്ങളിലായി 1600 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്കു വേണ്ടി സെസ് പിരിക്കുന്നുണ്ടെങ്കിലും അത് പെൻഷൻ പദ്ധതിയുടെ കീഴിൽ വരില്ല. വാർധക്യ പെൻഷനിലേക്ക് 200 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്. 80 വയസിനു മുകളിലുള്ളവർക്ക് 500 രൂപയും നൽകുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിനായി മാസം 900 കോടി രൂപയാണ് ആവശ്യം.
മറ്റ് 16 ക്ഷേമപദ്ധതികൾക്കായി 90 കോടി രൂപയും ഓരോ മാസവും കണ്ടെത്തേണ്ട സാഹചര്യമാണ് നിലവിലെന്നും 2 മാസത്തെ ക്ഷേമ പെൻഷൻ ഈ ആഴ്ച വിതരണം ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ മാസവും പെൻഷൻ മുടക്കമില്ലാതെ കൊടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് വിതരണത്തിൽ കാലതാമസം വരുത്തുന്നത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിലുള്ള കാലതാമസവും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News