ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കൂറ്റൻ കണ്ടെയ്നർ കപ്പലിൽ ഇടിച്ച് തകർന്നു.നിരവധി വാഹനങ്ങൾ നദിയിൽ വീണു. 1977 ല്‍ തുറന്ന പാലത്തിൻ്റെ നീളം മൂന്ന് കിലോമീറ്ററാണ്. .
പാലത്തിൻ്റെ പില്ലറുകളിൽ കപ്പൽ ഇടിക്കുകയായിരുന്നു. തുടർന്ന് കപ്പലിനു തീപിടിക്കുകയും ചെയ്തു. അതേസമയം, ഈ വഴിയുള്ള ഗതാഗതം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
കപ്പലിടിച്ച് നിമിഷങ്ങള്‍ക്കകം പാലത്തിൻ്റെ ഉരുക്ക് കമാനങ്ങള്‍ തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളടക്കമാണ് പടാപ്‌സ്‌കോ നദിയിലേക്ക് പതിച്ചത്.
കപ്പല്‍ ഇടിക്കുന്ന സമയം പാലത്തിലുണ്ടായിരുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും കൃത്യമായ എണ്ണം എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പാലത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല.