April 21, 2025 11:10 am

കേന്ദ്രസർക്കാരിന് തിരിച്ചടി: വസ്തുതാപരിശോധന യൂണിറ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായത് കൊണ്ട്, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പിഐബി വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു വസ്തുതാപരിശോധനാ യൂണിറ്റിന്റെ പ്രവർത്തനം.

വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കാമ്ര എന്നിവർ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഹർജികൾ പരിഗണിക്കുന്നതു കണക്കിലെടുത്തു കഴിഞ്ഞദിവസമാണു വാർത്തകളുടെ പരിശോധനയ്ക്കു പിഐബിക്കു ചുമതല നൽകി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു.

അശ്ലീലം, ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News