സതീഷ് കുമാർ
വിശാഖപട്ടണം
സർവ്വഗുണസമ്പന്നരായ നായകന്മാരെ വകഞ്ഞു മാറ്റി ക്ഷുഭിതയൗവനങ്ങളുടെ കഥകൾ വെള്ളിത്തിരയിലേക്ക് എത്തുന്നത് എഴുപതുകളിലാണ്.
ഹിന്ദിയിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തുമൊക്കെ വ്യവസ്ഥിതികളോട് കലഹിച്ച് രോഷാകുലരായ യുവത്വത്തിന്റെ പ്രതീകങ്ങളായപ്പോൾ ആ ദൗത്യം മലയാള സിനിമയിൽ ഏറ്റെടുത്തത് സുകുമാരൻ എന്ന നടനായിരുന്നു.
1945 മാർച്ച് 18 – ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച സുകുമാരൻ ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച “നിർമ്മാല്യ ” ത്തിലെ വെളിച്ചപ്പാടിന്റെ ധിക്കാരിയായ മകനായിട്ടാണ് വെള്ളിത്തിരയിലേക്കു കടന്നുവരുന്നത്.
പഠിച്ചിട്ടും ജോലിയൊന്നും ലഭിക്കാത്ത , പ്രതീക്ഷകളസ്തമിച്ച എഴുപതുകളിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ നേർക്കാഴ്ചകളിലൊന്നായിരുന്നു ഈ അഭിനയ പ്രതിഭ.
“വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” പോലുള്ള ചിത്രങ്ങളിലൂടെ എം ടി യുടെ തീ പാറുന്ന സംഭാഷണങ്ങളുടെ ചൂടും ചൂരും ഒട്ടും ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് പകരാൻ കഴിഞ്ഞതോടെ സുകുമാരൻ മലയാള സിനിമയുടെ എക്കാലത്തേയും മികച്ച നടനായി മാറുകയായിരുന്നു.
കോളേജ് അധ്യാപകനായിരിക്കെ കുടുംബപരമായി അടുപ്പമുള്ള എം ടി യോട് തന്റെ ആഗ്രഹം തുറന്നുപറഞ്ഞു കൊണ്ട് ജീവിതത്തിലും അല്പം ധിക്കാരവും ആത്മവിശ്വാസവും കാത്തുസൂക്ഷിച്ച സുകുമാരൻ എന്ന നടന്റെ വാക്ചാതുര്യം മലയാള സിനിമയിൽ ഒരു പുത്തൻ താരോദയത്തിന്റെ നാന്ദി കുറിക്കുന്ന കൊടിയടയാളമായി മാറി.
ഏതു നെടുനെടുങ്കൻ ഡയലോഗുകളും സുകുമാരന്റെ കയ്യിൽ ഭദ്രമായിരുന്നു . “ലക്ഷ്മിവിജയവും ” കഴിഞ്ഞ് “ശംഖുപുഷ്പ ” ത്തിലെത്തിയതോടെ മലയാള സിനിമക്ക് ഒരു പുതിയ വാഗ്ദാനമായി തന്റെ കൈയൊപ്പ് ചാർത്താൻ സുകുമാരന് കഴിഞ്ഞു..
250 ലധികം ചിത്രങ്ങളിലായി 25 വർഷം നീണ്ടുനിന്ന ആ അഭിനയസപര്യക്ക് “ബന്ധനം ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചത് തികച്ചും അർഹിക്കുന്നതായിരുന്നു.
ഇരകൾ ,പടയണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായി മാറിയ സുകുമാരന് തോപ്പിൽ ഭാസിയുടെ “ഒളിവിലെ ഓർമ്മകൾ “എന്ന ആത്മകഥ സിനിമയാക്കി സംവിധാനം ചെയ്യണമെന്ന ഒരാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും വിധി അതിന് അനുവദിച്ചില്ല .
1997 ജൂൺ 16 ന് അദ്ദേഹം ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു…
മലയാളസിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി തന്റെ തനതു ശൈലിയിലൂടെയുള്ള ഡയലോഗ് ഡെലിവറിയിലൂടെ നിറഞ്ഞുനിന്നിരുന്ന ഈ നടൻ വളരെയധികം ഗാനരംഗങ്ങളിലും ശോഭിച്ചിട്ടുണ്ട്.
“ഒരു മയിൽപ്പീലിയായി ഞാൻ ജനിക്കുമെങ്കിൽ … “
( അണിയാത്ത വളകൾ)
https://youtu.be/AdhTbd6CIX0?t=56
“കാട്ടുകുറിഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ് ..”
(രാധ എന്ന പെൺകുട്ടി )
“അടിച്ചങ്ങു പൂസായി …”
( തീക്കടൽ )
“നിമിഷങ്ങൾ തോറും വാചാലമാകും …”
( മനസ്സാ വാചാ കർമ്മണാ )
“രാഗം ശ്രീരാഗം…”
( ബന്ധനം )
https://youtu.be/uQwsFRfJQzI?t=18
“കാക്കാലൻ കളിയച്ഛൻ കണ്ണു തുറന്നുറങ്ങുന്നു…”
(വളർത്തുമൃഗങ്ങൾ )
“ശ്രീപദം വിടർന്ന സരസീരുഹത്തിൽ … “
(ഏതോ ഒരു സ്വപ്നം)
“വാസന്ത ദേവത വന്നു …”
( അധികാരം )
“വളകിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ… “
(സ്ഫോടനം )
” യാമിനി എന്റെ സ്വപ്നങ്ങൾ വാരി പുണർന്നു മൂകമാം കാലത്തിൻ അഗ്നി വ്യൂഹം ..”.( അഗ്നിവ്യൂഹം )
“ഒരു പ്രേമലേഖനം എഴുതി മായ്ക്കും തോഴികളേ തിരമാലകളേ ..”
(തുറമുഖം)
ഇവയെല്ലാം സുകുമാരൻ തിരശ്ശീലയിൽ പകർന്നാടിയ കഥാപാത്രങ്ങളിലൂടെ ഒഴുകിയെത്തിയ സുന്ദര ഗാനങ്ങളാണ്.
മല്ലികാസുകുമാരൻ ,പൃഥ്വിരാജ്, ഇന്ദ്രജിത്ത് ,പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങി ചലച്ചിത്ര മേഖലക്ക് വലിയ സംഭാവനകൾ നൽകിയ ഒരു സിനിമ കുടുംബത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന സുകുമാരന്റെ ജന്മവാർഷിക ദിനമായ ഇന്ന് (മാർച്ച് 18 ) ഈ പ്രിയ ഗാനങ്ങളെല്ലാം ഓർമ്മയിൽ ഓടിയെത്തുകയാണ് .
————————-—————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക