വാഷിങ്ടൺ: വഴിവിട്ട സഹായങ്ങൾക്കായി ഇന്ത്യയിലെ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയും അദ്ദേഹത്തിൻ്റെ ഗ്രൂപ്പും ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടൊയെന്ന് അധികൃതർ
അന്വേഷിക്കുന്നു.
അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗാണ് വിവരം പുറത്തുവിട്ടത്.യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്.
ഒരു ഊര്‍ജോല്പാദന പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ പരിധിയിൽ വരും.അതേസമയം, ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികൾക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് രംഗത്തെത്തിയിരുന്നു. വലിയ രീതിയിൽ കൃത്രിമത്വം നടത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ മേഖലയിലെ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമത്വം നടന്നതെന്നായിരുന്നു ആരോപണം.ഇതിനുപിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവിലയിലും വലിയ ഇടിവുണ്ടായി.
2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് എതിരെ 24 ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 22 ലെ അന്വേഷണം ഇന്ത്യയിലെ സെബി പൂര്‍ത്തിയാക്കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മറ്റ് രണ്ട് ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാനാണ് മൂന്ന് മാസത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്