തിരുവനന്തപുരം:രാഹുല്‍ അധിക്ഷേപിച്ചത് ആദരണീയനായ ലീഡറെ തന്നെയാണെന്നും ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞു
ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുലിന്റേത് മോശം പരാമർശം എന്നായിരുന്നു രാജശേഖരന്റെ വിമർശം. പക്ഷെ ശൂരനാടിന്റ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഇടപെട്ട് തടഞ്ഞു. വിഷയത്തിൽ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സതീശന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇനി വിവാദങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം പറഞ്ഞുതീർത്തതാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ ചുമതലയുളള എംഎം ഹസ്സൻ പറഞ്ഞത്.‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല് മാങ്കൂട്ടത്തിലിന്റെ പരാമര്ശം വലിയ വിവാദമായിരുന്നു. ഈ പരാമര്ശത്തിലാണ് ഇപ്പോള് പാര്ട്ടിക്കുള്ളില് വിമര്ശനം ഉയര്ന്നിരിക്കുന്നത്..
തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ പത്മജയെക്കുറിച്ച് പറഞ്ഞത്. പത്മജ തോറ്റത് പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിൽ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാൽ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും രാഹുൽ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
പരാമർശത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാലും പ്രതികരിച്ചിരുന്നു.