കൊച്ചി : ഒരു കലാസൃഷ്ടിയെക്കുറിച്ചുള്ള നിരൂപണത്തിന് ശാസ്ത്രീയ മാനദണ്ഡങ്ങളൊന്നുമില്ല. ആസ്വാദകന്റെ വ്യക്തിനിഷ്ഠമായ എന്ത് തോന്നലും അതിൽവരാം. വിപണിയുടെ ന്യായത്തിൽ നോക്കിയാൽ ആദ്യത്തെ രണ്ടു ദിവസത്തെ ചലച്ചിത്ര പ്രദർശനം സൗജന്യമായല്ല നടത്തുന്നത് എന്നുകൂടി നിർമ്മാതാക്കൾ ഓർക്കണം…”റിവ്യൂ ബോംബിങ്” ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ അഭിപ്രായങ്ങളെക്കുറിച് പ്രമോദ് പുഴങ്കര ഫേസ്ബുക്കിലെഴുതുന്നു .
ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഭരണഘടനയും അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കോടതി വിധികളും നൽകിയിട്ട് കാര്യമൊന്നുമില്ല. മുടക്കിയ കാശ് ഇരട്ടിയായി തിരിച്ചുകിട്ടാൻ ഭരണഘടന റദ്ദാക്കണമെങ്കിൽ അതിനും അവർ വാദിക്കും. എന്നാൽ അമിക്കസ് ക്യൂറിയുടെ കാര്യത്തിൽ അങ്ങനെയല്ല പ്രമോദ് തുടരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:
“റിവ്യൂ ബോംബിങ്” നടത്തി മലയാള സിനിമയെ “തകർക്കുന്നവർക്കെതിരെ” ചില ചലച്ചിത്ര നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ (ഒരു പ്രത്യേക വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിനായി നിയമിക്കുന്ന അഭിഭാഷകൻ) നിയമിക്കുകയും അദ്ദേഹം തന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. വാർത്തകളിൽ കാണുന്ന തരത്തിലാണ് അദ്ദേഹം നൽകിയ നിർദ്ദേശങ്ങളെങ്കിൽ ഭരണഘടനയിൽ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങൾ പറയുന്ന ഭാഗവും ഒപ്പം അത് സംബന്ധിച്ച നിരവധിയായ സുപ്രീം കോടതി വിധികളും കുറച്ചുകൂടി വിശദമായി മനസിലാക്കാൻ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷകനെ സഹായിക്കാനുള്ള എന്തെങ്കിലും സംവിധാനം കോടതി നൽകണം.
ചലച്ചിത്ര നിർമ്മാതാക്കളുടെ അഭിഭാഷകൻ എഴുതിക്കൊടുക്കുന്ന നിർദ്ദേശങ്ങൾ എന്നായിരിക്കും ഈ നിർദ്ദേശങ്ങൾക്ക് നൽകാവുന്ന തലക്കെട്ട്. ഇത് സംബന്ധിച്ച് വാദം കേൾക്കുന്ന കോടതി ഒരുതരത്തിൽ ഭരണകൂടത്തിന്റെ Policing സ്വഭാവം ഏറ്റെടുക്കാൻ തുടങ്ങുമോ എന്ന ന്യായമായ ആശങ്കകൂടിയുണ്ട്. അത് കാത്തിരുന്നു കാണാം.
സിനിമ release ചെയ്ത് 48 മണിക്കൂർ കഴിഞ്ഞേ നിരൂപണമാകാവൂ എന്നാണ് ഒരു നിർദ്ദേശം. ആദ്യ പ്രദർശനം കണ്ടു പുറത്തിറങ്ങുന്നവർ തങ്ങളുടെ അഭിപ്രായം പറയാൻ 48 മണിക്കൂർ കാത്തിരിക്കണം പോലും! ലോകം കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ ഗാബ്രിയേൽ ഗാർസ്യ മാർക്വിസിന്റെ അപ്രകാശിത നോവൽ, Untill August, അദ്ദേഹത്തിൻറെ മരണാനന്തരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിക്കാൻ കൊള്ളില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞ കൃതിയാണത്. എന്നാൽ പുസ്തകം പുറത്തിറക്കാൻ അദ്ദേഹത്തിൻറെ മക്കൾ തീരുമാനിച്ചു. എന്തായാലും പുസ്തകമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലോകത്തിലെ മുൻനിര മാധ്യമങ്ങളിൽ വിശകലനങ്ങളും നിരൂപണങ്ങളും വന്നു. കൊള്ളാമെന്നും, മോശമെന്നും വേണ്ടായിരുന്നു എന്നും പ്രതിഭയുടെ നിഴൽ മാത്രമെന്നുമൊക്കെയായി പലതരം അഭിപ്രായങ്ങൾ.
ഒരു സൃഷ്ടി നിങ്ങൾ പൊതുസമൂഹത്തിനു ആസ്വാദനത്തിനായി നൽകുമ്പോൾ അതിനെക്കുറിച്ചുള്ള നാനാതരം അഭിപ്രായങ്ങൾ കേൾക്കാൻ സന്നദ്ധരായിരിക്കണം. കാശുകൊടുത്ത് പുസ്തകം വാങ്ങുന്നവരും സിനിമ കാണുന്നവരുമൊക്കെ അത്തരത്തിൽ അഭിപ്രായം പറയും. കാശുകൊടുക്കാതെ വായിക്കുന്നവർക്കും സിനിമ കണ്ടവർക്കും അതേ സ്വാതന്ത്ര്യമുണ്ട്. സുപ്രീം കോടതി വിധിയെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും അങ്ങനെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും നിയമവിരുദ്ധമല്ലാത്ത രീതിയിൽ എന്തഭിപ്രായവും പറയാൻ പൗരാവകാശമുള്ള നാടാണ് നമ്മുടേത്. ഭരണഘടന അതുറപ്പാക്കുന്നു. കാശ് മുടക്കുന്ന സിനിമ മുതലാളിമാർക്ക് അതിൽ പ്രത്യേക പരിരക്ഷ നൽകണം എന്ന ആവശ്യം അസംബന്ധമാണ്.
ഒരു സിനിമയെ കീറിമുറിച്ചു “നശിപ്പിക്കുന്നതിന്” പകരം ക്രിയാത്മകമായ വിമർശനം നടത്തണം എന്നാണ് അമിക്കസ് ക്യൂറിയുടെ മറ്റൊരു നിർദ്ദേശം. ക്രിയാത്മക വിമർശനത്തിന് ആരാണ് മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത്? കീറിമുറിക്കണോ വേണ്ടയോ എന്നുള്ളത് പ്രേക്ഷകനും വായനക്കാരനുമൊക്കെയാണ് തീരുമാനിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം കഥാസാരമൊന്നും പറയരുത് എന്നാണ് നിർദ്ദേശം. സിനിമ മുഴുവൻ അവസാനം കള്ളനെപ്പിടിക്കുന്ന കഥാവതരണമാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ഇതൊക്കെയുണ്ടാകുന്നത്. ഒരു കലാമാധ്യമം എന്ന നിലയിൽ ചലച്ചിത്രം അതിന്റെ ആഖ്യാനഭാഷയിലാണ് വ്യത്യസ്തമാകുന്നത്.
കാശ് മുടക്കുന്ന മുതലാളിമാർക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്ന ചുമതല കോടതികൾ ഏറ്റെടുക്കേണ്ടതില്ല. മറ്റേത് സംരഭത്തെയും പോലെ വിൽപ്പനയ്ക്ക് വെക്കുന്ന ഉത്പ്പന്നം വിപണയിലെ ഏറ്റിറക്കിങ്ങൾക്ക് വിധേയമാണ്.
ഒരു കമ്പനി അതിന്റെ ഓഹരികൾ പൊതു ഓഹരി വിപണിയിൽ വിൽപ്പനയ്ക്ക് ഇറക്കുമ്പോൾ അത് വാങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച നൂറുകണക്കിന് വിശകലനങ്ങൾ നിങ്ങൾക്ക് ഓഹരിവിപണിയുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധരിൽ നിന്നും കാണാനാകും. Public issue തുടങ്ങി രണ്ടു ദിവസം കഴിഞ്ഞിട്ടേ അതിനെക്കുറിച്ചു മിണ്ടാവൂ അല്ലെങ്കിൽ മുതലാളിക്ക് നഷ്ടമുണ്ടാകും എന്ന നിയമമൊന്നും നാട്ടിലില്ല. പരിപൂർണ്ണമായും വിപണിയിലെ ലാഭം നോക്കിയിറക്കുന്ന മറ്റൊരുത്പ്പന്നമായ ചലച്ചിത്രങ്ങൾക്ക് മാത്രമായി ഭരണഘടന മാറ്റിയെഴുതാനുള്ള സാഹസം കോടതി കാണിക്കില്ലെന്ന് കരുതാം.
മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ചലച്ചിത്രങ്ങൾ ഏതാണ്ട് ഭൂരിഭാഗം സംവാദവ്യവഹാരസ്ഥലവും അപഹരിച്ചുകഴിഞ്ഞു. അത് വളരെ എളുപ്പത്തിലുള്ളൊരു സാംസ്ക്കാരികജീവിതം സാധ്യമാക്കുന്നു എന്നും അത് താരസമൃദ്ധമായ രാഷ്ട്രീയ,സാമൂഹ്യാന്തരീക്ഷത്തിന് വളരാൻ പാകമാണ് എന്നും തിരിച്ചറിഞ്ഞതോടെ ചലച്ചിത്രപ്രചാരണത്തിന്റെയും താരവേദികളുടെയും പകർത്തലുകളായി രാഷ്ട്രീയ,സാംസ്ക്കാരിക വേദികൾ മാറുകയും ചെയ്യുന്നു. അതൊരെളുപ്പപ്പണിയാണ്. അതിന്റെ ഗുണദോഷവിചാരങ്ങൾ കൂടുതൽ വിശാലമായ വിഷയമാണ്. വളരെ സാമാന്യമായ, ശരാശരിയായ, വെറും കഥപറച്ചിലുകൾ മാത്രമായ ചലച്ചിത്രങ്ങളെയൊക്കെ ലോകോത്തരമാക്കി അവതരിപ്പിക്കുന്ന നാനാതരം നിരൂപണ കരാർപ്പണികൾ നമ്മൾ കാണുന്നുണ്ട്.
ഒരു കലാസൃഷ്ടിയെക്കുറിച്ചുള്ള നിരൂപണത്തിന് ശാസ്ത്രീയ മാനദണ്ഡങ്ങളൊന്നുമില്ല. ആസ്വാദകന്റെ വ്യക്തിനിഷ്ഠമായ എന്ത് തോന്നലും അതിൽവരാം. വിപണിയുടെ ന്യായത്തിൽ നോക്കിയാൽ ആദ്യത്തെ രണ്ടു ദിവസത്തെ ചലച്ചിത്ര പ്രദർശനം സൗജന്യമായല്ല നടത്തുന്നത് എന്നുകൂടി നിർമ്മാതാക്കൾ ഓർക്കണം.ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഭരണഘടനയും അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കോടതി വിധികളും നൽകിയിട്ട് കാര്യമൊന്നുമില്ല. മുടക്കിയ കാശ് ഇരട്ടിയായി തിരിച്ചുകിട്ടാൻ ഭരണഘടന റദ്ദാക്കണമെങ്കിൽ അതിനും അവർ വാദിക്കും. എന്നാൽ അമിക്കസ് ക്യൂറിയുടെ കാര്യത്തിൽ അങ്ങനെയല്ല.
ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനയിലെ പൗരാവകാശവും സംബന്ധിച്ച വളരെ നിർണ്ണായകവും സൂക്ഷ്മവും പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതും ഭാവിയിൽ ഭരണകൂടം പൗരാവകാശങ്ങളെ അടിച്ചമർത്താൻ ആയുധമാക്കാവുന്നതുമായ തരത്തിലുള്ള ഒരു വിധിക്കുവേണ്ടിയുള്ള നിർദ്ദേശങ്ങളാണ് താൻ സമർപ്പിച്ചതെന്നും അത് ഭരണഘടനയുടെ പ്രാഥമികമായ അന്തസത്തയ്ക്ക് നിരക്കുന്നതല്ല എന്നും മനസിലാക്കാനുള്ള സാധ്യത ഇനിയുമുണ്ട്. കോടതിയുടെ കാര്യത്തിലാണെങ്കിൽ ആ സാധ്യതയുണ്ട് എന്ന് മാത്രമാണ് ഇക്കാലത്ത് പുലർത്താവുന്ന ശുഭാപ്തിവിശ്വാസം. ഉറപ്പൊന്നുമില്ല.