ഗോഹത്തി : ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം മന്ത്രിസഭ.ഏക വ്യക്തി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡാണ്. മൂന്നാഴ്ച മുന്‍പാണ് ഇവിടെ നിയമം കൊണ്ടുവന്നത്.
എല്ലാ പൗരന്മാര്‍ക്കും മതത്തിന്റെ പരിഗണന കൂടാതെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ പൊതു നിയമം കൊണ്ടുവരുന്നതാണ് ഏക വ്യക്തി നിയമം.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കി. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടൻ ഉണ്ടാവും.പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക.
മുസ്ലീം വിവാഹ നിയമത്തില്‍ പരിഷ്‌കാരം കൊണ്ടുവരുന്ന തീരുമാനം മന്ത്രിസഭ സ്വീകരിച്ചതായി അസ്സം മന്ത്രി ജയന്ത മല്ല ബറുവ വ്യക്തമാക്കി. ബില്‍ ഫെബ്രുവരി 28ന് നിയമസഭാ സമ്മേളനം അവസാനിക്കും മുന്‍പ് സഭയില്‍ അവതരിപ്പിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക വ്യക്തി നിയമം കൊണ്ടുവന്നത് മുതല്‍ സമാനമായ നിയമനിര്‍മ്മാണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പല തവണ പറഞ്ഞിരുന്നു. നിലവിലുള്ള മുസ്ലീം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമം പൊളിച്ചെഴുതുകയാണെന്നും ഈ നിയമപ്രകാരം ഇനി വിവാഹങ്ങളോ വിവാഹമോചനമോ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. ഇത്തരം വിഷയങ്ങളെല്ലാം സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന് കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി ബറുവ പറഞ്ഞു. പുതിയ നിയമം ശൈശവ വിവാഹങ്ങള്‍ കുറയാന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അസ്സമില്‍ ബഹുഭാര്യാത്വം നിരോധിക്കുന്നതിനും ഏകവ്യക്തി നിയമം കൊണ്ടുവരുന്നതിനും മന്ത്രിസഭ ചര്‍ച്ച നടത്തുകയാണെന്ന് മുഖ്യമന്ത്രി 12ന് പറഞ്ഞിരുന്നു. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഏകീകൃത നിയമമാണ് രാജ്യത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Special Marriage Act,
The Muslim Marriage and Divorce Registration Act,
assam, government