കൊച്ചി: യുക്തിയുടെ ചെരിപ്പ് അഴിച്ചിടുന്നിടത്തു നിന്നാണ് വിശ്വാസത്തിൻ്റെ തീർത്ഥാടനം ആരംഭിക്കുന്നത് അര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു .
“ഒരു തൂക്ക വില്ലിൽ നിന്നു വീണു പോകുന്നതല്ല വിശ്വാസം. വീണു പോകുന്നതേയല്ല വിശ്വാസം; വീഴാതെ പിടിച്ചു നിർത്തുന്നതാണ്. അതിന് യുക്തിയുടെ അടിമയായിരിക്കാൻ സാധിക്കുകയില്ല. യുക്തിരഹിതമായ അനുഭൂതികൾ പൂക്കുന്നിടമാണത്” അര്യാലാൽ എഴുതുന്നു ..
തൂക്കവില്ലിൽ നിന്നുള്ള കുട്ടിയുടെ വീഴ്ച വിമർശിക്കപ്പെടുന്നത് ബാലാവകാശത്തിൻ്റെ പേരിലല്ല. വിശ്വാസത്തെ യുക്തികൊണ്ട് അളന്നു ചെറുതാക്കാമെന്ന മൂഢ സ്വപ്നം കൊണ്ടാണത്. അഗ്രചർമ്മത്തിൽ ഈ ആവലാതികളൊന്നും നിലനിൽക്കുന്നുമില്ലല്ലോ! ‘വിധി’ എന്ന ഒറ്റ വാചകം കൊണ്ട് വിശ്വാസം സർവ്വ ദുരന്തങ്ങളെയും അതിജീവിച്ച ചരിത്രമാണുള്ളത്. അതിനെ മറികടക്കാൻ നാളിതുവരെ ഒന്നിനും കഴിഞ്ഞിട്ടുമില്ല.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
ആറു മക്കളെയും നിഷ്ഠൂരമാംവിധം കംസൻ വധിക്കുമ്പോൾ ദേവകിദേവിയുടെ മക്കൾക്ക് എട്ടു മാസം പ്രായം ഉണ്ടായിരുന്നില്ല. നവജാതരായ നിഷ്ക്കളങ്കതയെയാണ് ഭയം അധികാരത്തിൻ്റെ രൂപം പൂണ്ട് രാക്ഷസീയമായി നിഗ്രഹിച്ചുകളഞ്ഞത്.
വീണ്ടും ജീവിക്കാൻ ദേവകിയെ പ്രേരിപ്പിച്ചത് ‘വിശ്വാസ’മാണ്. “എട്ടാമത്തെ പുത്രൻ വരും” എന്ന വിശ്വാസം! ആകാശത്തിൽ മുഴങ്ങിയ അശരീരിയായ ആ വാക്കിൽ അവർ വിശ്വസിച്ചു. കാലത്തെ കാത്തിരുന്നു. പർവ്വതത്തിൽ നിന്നും അഗാധതയിലേക്ക് എറിയപ്പെട്ടപ്പോൾപ്പോലും പ്രഹ്ളാദനും വിശ്വാസം കൈവിട്ടില്ല. ഒടുവിൽ നരസിംഹമായി അത് പ്രതൃക്ഷമായി രക്ഷിച്ചു.വിശ്വാസം അങ്ങനെയാണ് രക്ഷയായി മാറുന്നത്! അത് ദുരന്തങ്ങളിൽ പ്രതിരോധത്തിൻ്റെ പടച്ചട്ടയും മുന്നേറ്റങ്ങളിൽ നമ്മുടെ കുന്തമുനയായും മാറുന്നു.
ഒരു തൂക്ക വില്ലിൽ നിന്നു വീണു പോകുന്നതല്ല വിശ്വാസം. വീണു പോകുന്നതേയല്ല വിശ്വാസം; വീഴാതെ പിടിച്ചു നിർത്തുന്നതാണ്. അതിന് യുക്തിയുടെ അടിമയായിരിക്കാൻ സാധിക്കുകയില്ല. യുക്തിരഹിതമായ അനുഭൂതികൾ പൂക്കുന്നിടമാണത്. യുക്തിയുടെ ചെരിപ്പ് അഴിച്ചിടുന്നിടത്തു നിന്നാണ് വിശ്വാസത്തിൻ്റെ തീർത്ഥാടനം ആരംഭിക്കുന്നത്.
ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കൊടുവിൽ ചോദ്യങ്ങളേയില്ലാതാവുന്ന നിശബ്ദതയുടെ ശാന്തസ്ഥലികളാണ് വിശ്വാസത്തിൻ്റെ ഭൂമിക. അവിടെ ഇന്ദ്രിയങ്ങൾ പ്രവർത്തനരഹിതമാവുകയും ബോധത്തിന് ചിറകുമുളയ്ക്കുകയും ചെയ്യുന്നു. ബുദ്ധൻ എന്ന് മനുഷ്യൻ വിളിക്കപ്പെടുന്നത് അവിടെ വച്ചാണ്.
ആ യാത്രയിലാണ് “അറിഞ്ഞതിൽ പാതി പതിരായിരുന്നു” എന്ന് മനുഷ്യൻ തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് പ്രകാശ പ്രവേഗത്തിനൊപ്പം സഞ്ചരിക്കുമ്പോഴും ഐൻസ്റ്റിനെ വിശ്വാസിയാക്കുന്നത്. ശാസ്ത്രത്തെ ശാസ്ത്രമാക്കി മാറ്റിയ അനേകം ശാസ്ത്രഞ്ജരെ പ്രപഞ്ചാതിശയങ്ങൾക്കു മുന്നിൽ വിനീതരും വിശ്വാസികളുമാക്കുന്നത്.
പക്ഷെ ഇതൊന്നും യുക്തിബോധത്തിൻ്റെ വിളക്കണയ്ക്കാൻ എത്തുന്ന ‘യുക്തിവാദത്തിൻ്റെ കൊടുങ്കാറ്റിന്’ ബാധകമല്ല. പത്താം തരം വരെ വിദ്യാഭാസം ‘സൗജന്യവും സാർവ്വത്രികവും’ ആയതുകൊണ്ടു മാത്രം സയൻസ് പഠിക്കുകയും പിന്നീട് ‘ശാസ്ത്ര ബോധത്തിൻ്റെ അനേകം തന്തമാരിൽ ഒരാളായി’ മാറുകയും ചെയ്തവരാണതിൽ ഏറെയും . ശാസ്ത്രത്തിന് നിങ്ങൾ എന്തു സംഭാവന ചെയ്തു? എന്ന ചോദ്യത്തിന് ചില്ലറ നാണയത്തിൻ്റെ ഒരു രസീതി പോലും കയ്യിലില്ലാത്തവർ! പക്ഷെ അവർക്ക് ശാസ്ത്രത്തിൻ്റെ പിതാവും രക്ഷിതാവും ആകണം. “ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം!” എന്ന് നമ്പ്യാർ പാടിയത് പോലെ തന്നെ.
ലോകമാകെയുള്ള അവാർഡ് ജേതാക്കളായ ശാസ്ത്രഞ്ജരിൽ തൊണ്ണൂറ്റിയേഴ് ശതമാനം പേരും എന്തുകൊണ്ട് വിശ്വാസികളായിരിക്കുന്നു?! എന്ന ചോദ്യം സയൻസ് ക്ലാസിൽ നിന്നിറങ്ങി പോകാൻ മടിച്ച് അവിടെത്തന്നെ നിൽപ്പുണ്ട്.
ശാസ്ത്രജ്ഞനാവാനുള്ള എളുപ്പ വഴികളിലൊന്ന് വിശ്വാസത്തെ വിശേഷിച്ച് ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുക എന്നതാണ്.’പള്ളിക്കുടത്തിൽ പോകാത്ത ശാസ്ത്രജ്ഞ’രുടെ ഉപദേശം കേട്ട് വിശ്വാസം ഉപേക്ഷിക്കാൻ ആകെയുള്ള തടസ്സങ്ങൾ ചില ശാസ്ത്രജ്ഞരാണ്. ഐൻസ്റ്റിൻ്റെ തലയിണക്കടിയിലിരുന്ന ഭഗവത് ഗീതയാണ്. ഓപൻഹൈമറുടെ ഗിതാശ്ലോകമാണ്. ശ്രീമതി.ടെസി തോമസിൻ്റെ പ്രാർഥനയാണ്. ആകാശത്തേക്കയക്കും മുന്നെ തിരുപ്പതി ബാലാജിക്കുമുന്നിൽ നടയ്ക്കിരുത്താൻ മിനിയേച്ചർ റോക്കറ്റുമായി വരിനിൽക്കുന്ന ശാസ്ത്രജ്ഞരാണ്. ശ്രീ.സോമനാഥിൻ്റെ അർച്ചനയാണ്. ഇങ്ങനെയുള്ള അനേകങ്ങളാണ് ‘യുക്തിശാസ്ത്രജ്ഞരെ’ അവിശ്വസിക്കാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്ന ‘യുക്തി!’
തൂക്കവില്ലിൽ നിന്നുള്ള കുട്ടിയുടെ വീഴ്ച വിമർശിക്കപ്പെടുന്നത് ബാലാവകാശത്തിൻ്റെ പേരിലല്ല. വിശ്വാസത്തെ യുക്തികൊണ്ട് അളന്നു ചെറുതാക്കാമെന്ന മൂഢ സ്വപ്നം കൊണ്ടാണത്. അഗ്രചർമ്മത്തിൽ ഈ ആവലാതികളൊന്നും നിലനിൽക്കുന്നുമില്ലല്ലോ! ‘വിധി’ എന്ന ഒറ്റ വാചകം കൊണ്ട് വിശ്വാസം സർവ്വ ദുരന്തങ്ങളെയും അതിജീവിച്ച ചരിത്രമാണുള്ളത്. അതിനെ മറികടക്കാൻ നാളിതുവരെ ഒന്നിനും കഴിഞ്ഞിട്ടുമില്ല.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് തൂക്കവില്ലിനും, ഒറ്റയും പെട്ടയും ചേർന്ന തൂക്കപ്പയറ്റുകൾക്കും . കൈ വഴുതലും വീഴ്ച്ചയുമൊക്കെ ആദ്യമായി അല്ലതാനും. മാനുഷികമായ വീഴ്ചകളെ ദൈവിക കർമ്മങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ഉപാധിയാക്കിക്കൂടാ. മാനുഷികമായ വീഴ്ചകളെ പരിഹരിക്കേണ്ടതുണ്ട്. പക്ഷെ ഉത്സവത്തിൻ്റെ കുതിരയെടുപ്പ് വിശ്വാസത്തിൻ്റെ നെഞ്ചത്തല്ല വേണ്ടത് എന്നുമാത്രം.
എട്ടു നൂറ്റാണ്ടിനുമുമ്പ് അനാഥയായിപ്പോയ, ഉപേക്ഷിക്കപ്പെട്ട് നൊമ്പരപ്പെട്ട ഒരു സ്ത്രീ ഹൃദയത്തെ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു കൊണ്ടു ഏഴംകുളത്തേക്ക് വന്ന കരുതലിൻ്റെ, രക്ഷയുടെ അമ്മ മാഹാത്മ്യമാണ് ആ വയൽ വക്കലിലെ ശ്രീകോവിലിൽ അഭയവും വരദവും അരുളി അനുഗ്രഹദായിനിയായി നാടിനെ കാത്തു പോരുന്ന പൊന്നുതമ്പുരാട്ടി.
വാഴുന്നവരെ , വീഴുന്നവരെയും അവൾ കാത്തു കൊള്ളും!
‘പുച്ഛം ശാസ്ത്രജ്ഞർ’ ആദ്യം ആൽബർട്ട് ഐൻസ്റ്റിനെ മര്യാദ പഠിപ്പിക്കൂ.. പിന്നെ ആ സോമനാഥിനെയും!