ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികളിൽ അസാധാരണമായ രീതിൽ വളർന്നു പന്തലിച്ച് ബിജെപി, സംഭാവന ലഭിക്കുന്ന കണക്കിലും മുന്നിലെത്തി.കോൺഗ്രസിന് സിപിഎമ്മിനും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് മാത്രമേ കിട്ടിയുള്ളൂ.രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിയുടെ ഖജനാവിൽ വീണത്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ലഭിച്ച മൊത്തം സംഭാവനയുടെ അഞ്ചിരട്ടിയോളം ബിജെപിക്ക് മാത്രമായി ലഭിച്ചുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ( എഡിആർ ) വ്യക്തമാക്കി.2022-23 കാലയളവിൽ ബി ജെ പിക്ക് ലഭിച്ചത് 720 കോടി രൂപ.
രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് വാദി പാർട്ടിക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 17 വർഷമായി പാർട്ടി തുടർച്ചയായി സംഭാവനകൾ വെളിപ്പെടുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയിൽ കൂടുതൽ സംഭാവനയായി ലഭിച്ചാൽ ആ തുക വെളിപ്പെടുത്തണമെന്നാണ് നിയമം.
എഡിആർ റിപ്പോർട്ട് പ്രകാരം ബിജെപിക്ക് 7,945 സംഭാവനകൾ ലഭിച്ചിട്ടുണ്ട്, അതായത് 719.08 കോടി രൂപ. അതേസമയം 894 സംഭാവനകളിലായി 79.92 കോടി രൂപ കോൺഗ്രസ് പാർട്ടിക്ക് കിട്ടി.
ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽ നിന്ന് മൊത്തം 276.202 കോടി രൂപ സംഭാവനയായി വന്നു. ഗുജറാത്തിൽ നിന്ന് 160.509 കോടി രൂപയും മഹാരാഷ്ട്രയിൽ നിന്ന് 96.273 കോടി രൂപയും സംഭാവനയായി ലഭിച്ചതായും എഡിആർ വെളിപ്പെടുത്തി. 2022-23 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികളുടെ മൊത്തം സംഭാവന 91.701 കോടി രൂപ വർദ്ധിച്ചു, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 12.09 ശതമാനം കൂടുതലാണ്.
2021-22 കാലയളവിൽ ബിജെപിക്ക് 614.626 കോടി രൂപ സംഭാവന വന്നു. ഇത് 2022-23 ൽ 719.858 കോടി രൂപയായി വർദ്ധിച്ചു. ഇത് മുൻ സാമ്പത്തിക വർഷത്തിൽ ലഭിച്ച സംഭാവനകളേക്കാൾ 17.12 ശതമാനം കൂടുതലാണ്. അതേസമയം 2019-20 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020-21 സാമ്പത്തിക വർഷത്തിൽ പാർട്ടികൾക്ക് കിട്ടിയ സംഭാവനയിൽ 41.49 ശതമാനം കുറവുണ്ടായെന്നു കാണാം.
2021-22 സാമ്പത്തിക വർഷത്തിൽ കോൺഗ്രസ് പാർട്ടിക്ക് 95.459 കോടി രൂപ സംഭാവന വന്നപ്പോൾ 2022-23 ൽ അത് 79.9 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, സിപിഎമ്മിന് ലഭിച്ച സംഭാവനകളിൽ 39.56 ശതമാനം (3.978 കോടി രൂപ) കുറവുണ്ടായി. എഎപിക്ക് 2.99 ശതമാനം അതായത് 1.143 കോടി രൂപയും കുറഞ്ഞു.