April 23, 2025 6:49 pm

സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

കൊച്ചി : കേരള ഗാന വിവാദത്തിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി.

യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് പരിഹാസരൂപേണ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ശ്രീകുമാരൻ തമ്പി കുറിച്ചു. തന്നെപ്പോലെ എഴുത്തച്ഛനും പാട്ട് എഴുത്തുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്:

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!!

പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..

————————————
നേരത്തെ ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സച്ചിദാനന്ദൻ രംഗത്ത് വന്നിരുന്നു.കേരള ഗാനം പ്രൊജക്റ്റ് സാഹിത്യ അക്കാദമിയുടെതല്ല സർക്കാരിന്റേതാണെന്നും തമ്പിയോട് പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

അതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പ്രത്യേക കമ്മറ്റിയെ രൂപീകരിക്കുകയായിരുന്നുവെന്നും ആ കമ്മിറ്റിയിൽ വെറും അംഗം മാത്രമാണ് താനെന്നും സച്ചിദാനന്ദൻ പറഞ്ഞു. തമ്പിയുടെ പാട്ട് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ ഉൾപ്പെട്ട കമ്മിറ്റിയാണ്.വസ്തുനിഷ്ഠ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല. അന്തിമ തീരുമാനം സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകുകയുള്ളൂ. .

സാഹിത്യ അക്കാദമി നിർബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്നാണ് പാട്ട് വിവാദത്തിന്‍റെ തുടക്കം. എന്നാൽ, തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്നാണ് വിദഗ്ധസമിതി കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

സാഹിത്യ അക്കാദമിക്കെതിരെയും സച്ചിദാനന്ദനെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത് . സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചത്. ‘കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ല.

പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News