തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ രേഖകൾ കേന്ദ്ര സർക്കാർ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) പരിശോധിക്കും. ഇതിനായി വീണയെ വിളിച്ചുവരുത്തും.
ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്നഎസ്എഫ്ഐഒ, ആലുവയിൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ഓഫിസുകളിൽ പരിശോധന നടത്തി ആവശ്യമായ രേഖകൾ ശേഖരിച്ചു കഴിഞ്ഞു. എക്സാലോജിക്, സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായാണു വിവിധ അന്വേഷണ ഏജൻസികളുടെ നിഗമനം.
8 മാസമാണ് അന്വേഷണത്തിനായി നൽകിയിട്ടുള്ളതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് നിർണായകമായ നീക്കങ്ങളിലേക്ക് കടക്കാനാണ് എസ്എഫ്ഐഒ തയാറെടുക്കുന്നത്. മിന്നൽ പരിശോധനകൾ നടത്താനും ആവശ്യമുള്ളവരെ കസ്ററഡിയിൽ എടുക്കാനും അറസ്ററ് ചെയ്യാനുമുള്ള അധികാരം ഈ സംഘത്തിനുണ്ട്. വേണ്ടിവന്നാൽ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായവും ആവശ്യപ്പെടാം.
ഒരു സേവനവും നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ, മാസപ്പടി ഇനത്തിൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിലും ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.
ചോദിച്ച കാര്യങ്ങൾക്കൊന്നും സിഎംആർഎൽ വ്യക്തമായ മറുപടി നൽകിയില്ലെന്ന് എറണാകുളം ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള ഇടപാടുകളും കെഎസ്ഐഡിസിയുടെ രേഖകളും പരിശോധിക്കണമെന്നും ആർഒസി നിർദേശിച്ചിരുന്നു.
സർക്കാരിന് സിഎംആർഎല്ലിൽ സ്വാധീനമുണ്ടെന്നും അത് സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമാണു കണ്ടെത്തൽ. കെഎസ്ഐഡിസിക്ക് സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുണ്ട്. ഡയറക്ടർ ബോർഡിൽ പ്രതിനിധിയുമുണ്ട്. എക്സാലോജിക്കുമായി കരാറിൽ ഏർപ്പെടാൻ ഇതെല്ലാം കാരണമായോ എന്നും പരിശോധിക്കുന്നു.
സുപ്രീംകോടതി അഭിഭാഷകനെ രംഗത്തിറക്കിയിട്ടും അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഒളിക്കാൻ എന്തെങ്കിലുമുണ്ടോയെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ തങ്ങൾക്ക് ബന്ധമില്ലെന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നുമാണ് കെഎസ്ഐഡിസി അഭിഭാഷകൻ വാദിച്ചത്. 12ന് വീണ്ടും കേസ് പരിഗണിക്കും. അതിനോടകം പരമാവധി രേഖകൾ ശേഖരിക്കാനാണ് എസ്എഫ്ഐഒ ശ്രമം.