അയോധ്യ: ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ 3.17 കോടി രൂപ കഴിഞ്ഞു.പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനമായ ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരമാണിത്
പ്രാൺ പ്രതിഷ്ഠാ ദിനത്തിൽ 10 സംഭാവന കൗണ്ടറുകളാണ് തുറന്നിരുന്നത്.കൗണ്ടർ വഴിയും ഓൺലൈൻ വഴിയുമാണ് ഭക്തർ ക്ഷേത്രത്തിന് സംഭാവന നൽകിയതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര വ്യക്തമാക്കി.
ജനുവരി 23 ന് അഞ്ച് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായാണ് കണക്കുകൾ പറയുന്നത്. രണ്ടാം ദിവസമായ ബുധനാഴ്ച രാത്രി 10 മണി വരെ 2.5 ലക്ഷത്തിലധികം ഭക്തർ ക്ഷേത്രം സന്ദർശിച്ചതായി മിശ്ര പറഞ്ഞു.
ബുധനാഴ്ച ലഭിച്ച തുക അടുത്ത ദിവസം എണ്ണിക്കഴിഞ്ഞുമാത്രമേ വെളിപ്പെടുത്തുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാകുന്നതിലേക്കായി ഭരണസംവിധാനവുമായി ചർച്ച ചെയ്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ക്ഷേത്രം ശുചീകരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സഹ സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ അയോധ്യയിലെ ആർഎസ്എസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.