ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കളക്ടറുടെ ഇടപെടല്‍. ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച നടപടികള്‍ക്ക് കളക്ടര്‍ അനുമതി നല്‍കി. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടും. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ നേരത്തെ റവന്യൂ വകുപ്പ് ശരിവച്ചിരുന്നു. മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായാണ് വില്ലേജ് ഓഫീസറോട് സര്‍വേ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിസോര്‍ട്ട് ഉള്‍പ്പെടെ ഒരേക്കര്‍ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാല്‍ ഇതോടൊപ്പം 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്ലേജ് അധികൃതര്‍ സ്ഥലം അളന്നപ്പോള്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തുകയായിരുന്നു.
50 സെന്റ് പുറമ്പോക്ക് കയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സര്‍ക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായെന്നും, 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറി സംരക്ഷണഭിത്തി നിര്‍മിച്ചുവെന്നും മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പും, സാമ്പത്തിക ക്രമക്കേടും ആരോപിച്ച് നേരത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മിച്ച ഭൂമി കണ്ടെത്തിയത്.
ഇതിന് പിന്നാലെ സ്ഥലത്ത് റവന്യൂ വകുപ്പും പരിശോധന നടത്തുകയായിരുന്നു. ഇതില്‍ വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിവച്ചിരുന്നു. റിസോര്‍ട്ടില്‍ അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്, ഇതിലാണ് ഇപ്പോള്‍ കളക്ടറുടെ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍ സ്ഥലത്തോട് ചേര്‍ന്നുള്ള ചരിഞ്ഞ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കെട്ടി സംരക്ഷിച്ചതാണെന്നും ഒന്നും കൈയ്യേറിയില്ലെന്നുമാണ് കുഴല്‍നാടന്‍ വിശദീകരിക്കുന്നത്.