കൊച്ചി : “ശൂദ്രൻ തൊട്ട് അശുദ്ധമാക്കിയ” ശുദ്ധി ബോധ്യങ്ങളെ അയോദ്ധ്യ അഗ്നിശുദ്ധി ചെയ്ത് വിശുദ്ധമാക്കുകയാണ്! ‘രാംലല്ല’യുടെ പാദങ്ങളിൽ വിശുദ്ധിയുടെ പ്രാണസ്പർശം നിർവ്വഹിക്കുന്ന കൈകൾ ഒരു ശൂദ്രന്റെതാണ് എന്നത് ചരിത്രത്തിന്റെ പ്രായശ്ചിത്തം കൂടിയാണ്.’രാംലല്ല’യുടെ ദിവ്യവിഗ്രഹം തൊടുന്ന ‘നരേന്ദ്ര’ന്റെ കൈകളിൽ സനാതന വിരുദ്ധത കാണുന്നവർ രാമായണം ഒരാവർത്തി കൂടി വായിക്കുകയാണ് വേണ്ടത്….ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.
“രാമക്ഷേത്രം ഒരു ആത്മീയ സാധനയുടെ ലക്ഷ്യപൂർത്തി മാത്രമല്ല,നിശ്ചയമായും ഒരു രാഷ്ട്രീയ യുദ്ധവിജയം കൂടിയാണത്! മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിൽ മാത്രമല്ല മുദ്രാവാക്യങ്ങുടെ രണഭേരികളാലും അയോധ്യ അഭിരമിക്കപ്പെട്ടിട്ടുണ്ട്. പൂവും വെള്ളവും മാത്രല്ല ജീവനും രക്തവും അവിടെ അർച്ചിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പൂജാരിയുടെ സാന്നിധ്യം മാത്രമല്ല ‘യുദ്ധ വിജയിയായ രാജാവി’ന്റെ സാന്നിധ്യവും അയോദ്ധ്യ അർഹിക്കുന്നുണ്ട്.” ആര്യാലാൽ തുടരുന്നു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
ഒരു വാക്കുണർന്ന് ജീവശ്വാസമായി മാറുന്നതെങ്ങനെയെന്ന് രാജ്യം അനുഭവിച്ചറിയുകയാണ്. ‘പ്രാണപ്രതിഷ്ഠ’ കേവലമായ ഒരു സാധനാ പദ്ധതി മാത്രമല്ലാതായിരിക്കുന്നു. വളർന്നു വികസിക്കേണ്ട ഒരു ധർമ്മ വിഗ്രഹത്തിൻ്റെ ബാല്യഭാവത്തിന് ജീവൻ നൽകൽ മാത്രമല്ല ഇന്നത് . ശിലപോലെ ഉറങ്ങി ഉറഞ്ഞു പോയ ഈ രാജ്യത്തിൻ്റെ ധാർമ്മിക ശരീരത്തെ കൂടിയാണത് ജീവൻ നൽകിയുണർത്തുന്നത്.
അയോദ്ധ്യ ഇന്ന് കൊടും തണുപ്പിനെയും മഞ്ഞിനെയും അതിജീവിക്കുന്നത് ഭൂതകാലങ്ങളിൽ മാനവും ജീവനും തമ്മിലിടഞ്ഞ ചരിത്ര സന്ധികളിൽ ആത്മാഭിമാനച്ചിതയിലെരിഞ്ഞ പെണ്ണുടലുകളുടെ അഗ്നിച്ചൂടിലാണ്. ആത്മാഭിമാനത്തിൻ്റെ കുരുതിത്തറകളിലൊഴുകിയ ആൺ ചോരയുടെ ചൂട് അതിൻ്റെ കുളിരകറ്റുന്നു.
കണ്ണുകൾക്ക് അർത്ഥമുണ്ടാകുന്ന ദിവസമാണിന്ന്. ജീവിച്ചിരിക്കുന്ന കാലത്തിന് അർത്ഥം നൽകി പൊലിപ്പിച്ചെടുത്ത ദിവസം. മരിച്ചവരുടെ പ്രതീക്ഷകളായിരുന്നു ജീവിച്ചിരിക്കുന്ന ഭാഗ്യശാലികളുടെ ഇന്നത്തെക്കാഴ്ചകൾ . അയോദ്ധ്യ നമ്മുടെ കണ്ണുകളിൽ കൊളുത്തിവയ്ക്കുന്ന പ്രകാശം വർത്തമാനത്തെയും ഭാവിയെയും മാത്രമല്ല പ്രകാശമാനമാക്കുന്നത്. ദുരിത ഭൂതകാലത്തിൻ്റെ ഇരുളിനെയത് തുടച്ചെറിയുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രം ഉയർന്നുവരും മുന്നെ ഉടഞ്ഞു തകർന്നവയിൽ കേവലമായ ഒരു അധിനിവേശ സ്മാരകം മാത്രമല്ല ഉള്ളത്. അഞ്ഞൂറു വർഷത്തെ അപമാനഭാരം മാത്രമല്ല രാജ്യം ചുമൽ കുലുക്കി തെറിപ്പിച്ചു കളഞ്ഞത്. പൗരോഹിത്യത്തിന്റെ ആചാര ബാധകളെക്കൂടി അത് ഉടച്ചുകളയുന്നുണ്ട്.
“ശൂദ്രൻ തൊട്ട് അശുദ്ധമാക്കിയ” ശുദ്ധി ബോധ്യങ്ങളെ അയോദ്ധ്യ അഗ്നിശുദ്ധി ചെയ്ത് വിശുദ്ധമാക്കുകയാണ്! ‘രാംലല്ല’യുടെ പാദങ്ങളിൽ വിശുദ്ധിയുടെ പ്രാണസ്പർശം നിർവ്വഹിക്കുന്ന കൈകൾ ഒരു ശൂദ്രന്റെതാണ് എന്നത് ചരിത്രത്തിന്റെ പ്രായശ്ചിത്തം കൂടിയാണ്.’രാംലല്ല’യുടെ ദിവ്യവിഗ്രഹം തൊടുന്ന ‘നരേന്ദ്ര’ന്റെ കൈകളിൽ സനാതന വിരുദ്ധത കാണുന്നവർ രാമായണം ഒരാവർത്തി കൂടി വായിക്കുകയാണ് വേണ്ടത്.
രാമൻ വനയാത്രയിൽ ഗംഗയുടെ തീരത്ത് ഓടവൃക്ഷച്ചുവട്ടിൽ നിൽക്കവേയാണ് വാല്മീകി നിഷാദ രാജാവായ ഗുഹനെ അവതരിപ്പിക്കുന്നത്. ഇരുകൈകളാലും രാമനെ പുണർന്നമർന്ന ‘ഗുഹനെ’ വാല്മീകി “രാമസ്യ ആത്മസമ : സഖാ” എന്നാണ് വാഴ്ത്തിയത്. രാമനെ പുണർന്ന ആ കൈകളാണ് സനാതനത്തിന്റെ ആചാര മര്യാദയുടെ കഥ എഴുതുന്നത്. ‘ഗുഹനെ’ പുണർന്നനുഗ്രഹിക്കുന്ന രാമനെ ഗുഹൻ “മഹാബാഹോ” എന്നാണു വിളിക്കുന്നത്. ആ രാമബാഹുക്കൾക്ക് നിഷാദരുടെ രാജാവിനെ മാത്രല്ല ‘നരേന്ദ്രനെ’യും ഈ രാജ്യത്തോടു ചേർത്ത് പുണരുന്നതിനുള്ള മഹത്ത്വമാർന്ന വലിപ്പമുണ്ട്.
രാമക്ഷേത്രം ഒരു ആത്മീയ സാധനയുടെ ലക്ഷ്യപൂർത്തി മാത്രമല്ല,നിശ്ചയമായും ഒരു രാഷ്ട്രീയ യുദ്ധവിജയം കൂടിയാണത്! മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിൽ മാത്രമല്ല മുദ്രാവാക്യങ്ങുടെ രണഭേരികളാലും അയോധ്യ അഭിരമിക്കപ്പെട്ടിട്ടുണ്ട്. പൂവും വെള്ളവും മാത്രല്ല ജീവനും രക്തവും അവിടെ അർച്ചിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പൂജാരിയുടെ സാന്നിധ്യം മാത്രമല്ല ‘യുദ്ധ വിജയിയായ രാജാവി’ന്റെ സാന്നിധ്യവും അയോദ്ധ്യ അർഹിക്കുന്നുണ്ട്. നരനെയും നരേന്ദ്രനേയും സ്വീകരിക്കാനാണ് രാമൻ അവിടെ ഇരുകൈകളും വിടർത്തി നിൽക്കുന്നത് ;മഹാബാഹുവായി !
നമ്മുടെ ചരിത്രം കേവല യാദൃശ്ചികതയുടേതല്ല! ആയിരുന്നു എങ്കിൽ ഈ കാലത്ത് രാംലല്ല അയോധ്യയിൽ പുനർജനിക്കുകയില്ലായിരുന്നു. നിശ്ചയമായും അതിൽ ഈശ്വരേച്ഛ കടന്നു പ്രവർത്തിച്ചിരുന്നിരിക്കണം.
യാഗരക്ഷ ചെയ്യാൻ ബാലനായ രാമനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ വിശ്വാമിത്രനെപ്പറ്റി ,ദുഃഖിതനും വിവശനുമായ ദശരഥനോട് വസിഷ്ഠൻ പറയുന്നു:
“കൃതാസ്ത്ര മകൃതാസ്ത്രം വാ
നൈനം ശക്ഷ്യന്തി രാക്ഷസാ:
ഗുപ്തം കുശിക പുത്രേണ
ജ്വലനേനാമൃതം യഥാ “
‘രാമൻ അസ്ത്രമറിയുന്നവനോ അറിയാത്തവനോ ആകട്ടെ കൗശികനാൽ അമൃതം അഗ്നി വലയത്തിൽ എന്ന പോലെ രക്ഷിക്കപ്പെടുമ്പോൾ രാക്ഷസൻമാർക്ക് രാമനെ ജയിക്കാൻ കഴിയില്ല’. ‘വിശ്വാമിത്രൻ രൂപം പൂണ്ട ധർമ്മമാണ്’ എന്നും ‘വീര്യവാൻമാരിൽ വീര്യവാനാണ്’ എന്നും കൂടി പറയുന്നുണ്ട് വസിഷ്ഠൻ.
രാജാവിന്റെ ഋഷി പരിണാമമായിരുന്നു വിശ്വാമിത്രൻ! നരേന്ദ്രൻ പിന്നെ മറ്റെന്താണ്? വസിഷ്ഠൻ വിശ്വാമിത്രനായിപ്പറഞ്ഞ ഏതു വിശേഷണമാണ് നരേന്ദ്രനു മുന്നിൽ പിണങ്ങി നിൽക്കുന്നത്?
നോക്കൂ .. ഇത് ഈശ്വരേച്ഛയല്ല യാദൃശ്ചികതയാണെങ്കിൽ ഇതിലേറെ സൗന്ദര്യമുറ്റ മറ്റെന്താണുള്ളത് ? രാമനെന്ന ബാലനെ വില്ലും ശരവും പിടിപ്പിച്ച് രാക്ഷസ നിഗ്രഹത്തിനൊരുക്കുന്നത് … യാഗം മുടക്കുന്നവർക്കു നേരെ “വില്ലെടുക്കൂ ശരം തൊടുക്കൂ രാമാ കൊല്ലൂ…” എന്ന് ഗർജിക്കുന്നത് ;
“പരിതുഷ്ടോസ്മി ഭദ്രം തേ
രാജ പുത്ര മഹാശയ:
പ്രീത്യാ പരമയാ യുക്തോ
ദദാമ്യസ്ത്രാണി സർവ്വശ:”… എന്നു പറഞ്ഞു കൊണ്ട് ദിവ്യാസ്ത്രങ്ങളുടെ ആവനാഴി നിറച്ചു നൽകുന്നത് വിശ്വാമിത്രനാണ്. നരേന്ദ്രനെന്ന രാജർഷിയും ചെയ്യുന്നത് അതു തന്നെയാണ്. ഈ രാജ്യത്ത് ഒരു ‘വിശുദ്ധി യാഗം’ നടക്കുകയാണ്. ‘സുബാഹുവിനും’ ‘മാരീചനും’ പ്രവേശനമില്ലാത്ത ഒരു വിശുദ്ധയാഗം. അതിന്റെ കാവലിനും കരുതലിനുമായാണ് അയോദ്ധ്യയിൽ രാംലല്ല ഒരുങ്ങുന്നത്.ആ വില്ലും ശരങ്ങളും ഒരുങ്ങുന്നതുമതിനായാണ്. അസാധ്യം എന്ന വാക്കിനെ രാജ്യഭ്രഷ്ടമാക്കിയ യുഗപ്രഭാവനായ രാജർഷിയാണതിൻ്റെ യജമാനൻ.
നിശ്ചയമായും ഇത് ഒരു രാഷ്ട്രീയ യാഗം കൂടിയാണ്. “ഇദം ന : മമ” എന്നു നിത്യം ജപിക്കുന്ന, ഒരു പകുതിയിൽ രാജാവും മറുപകുതിയിൽ ഋഷിയുമായ ഒരു രാജർഷി നടത്തുന്ന ‘രാഷ്ട്രയാഗം’. ‘സുബാഹുവും മാരീചനും’ പരിധിക്ക് പുറത്തു നിൽക്കുന്നതു തന്നെയാണുത്തമം. രാക്ഷസർ ‘കാമരൂപി’കളാണ് – ഇഷ്ടമുള്ള ഉടലണിയുന്നവരാണ് എന്ന് രാമായണം പറയുന്നുണ്ട്.
ആർക്കാണ് ഉളുപ്പു തോന്നുന്നത്? കടലിൽ ചിറ കെട്ടുമ്പോൾ മണലിലുരുണ്ട് ഒരു തരിയെങ്കിലും കുടഞ്ഞെറിഞ്ഞതിലിട്ട അണ്ണാൻകുഞ്ഞിന്റെ അധ്വാനം പോലുമില്ലാത്തവരാണ് ആ എമ്പോക്കികൾ. അവരാണ് ബഹിഷ്കരിക്കുന്നത്. ഉള്ളുലഞ്ഞുണർന്ന മന്ത്രധ്വനികളിലെങ്ങും അവരുടെ ശബ്ദം ഉണ്ടായിട്ടില്ല. പോരട്ടത്തിന്റെയും വീണ്ടെടുക്കലിന്റെയും നീണ്ട കാലം എരിഞ്ഞുയർന്ന യാഗാഗ്നിയിൽ ഹവിസ്സായ് അർപ്പിക്കപ്പെട്ട ജീവനും രക്തവും ഒരിക്കലും ഒരു കാലത്തും അവരുടെതായിരുന്നില്ല.
പിന്നെന്തിന് രാമൻ പുനർജനിക്കുന്നിടത്ത് അവർ വരണം?! അയോദ്ധ്യയിലേക്ക് വഴിയറിയാത്തവർക്ക് ജനഹൃദയത്തിനും രാജ്യത്തിനും പുറത്തേക്കാണ് വഴി … ചരിത്രം വിരൽ ചൂണ്ടിയിരിക്കുന്നതങ്ങോട്ടാണ്.
ഇനി മരിച്ചാലെന്താണ്? യശസ്സ് മരണത്തെ ജയിച്ച ദിവസമാണിന്ന്. നന്ദി മഹാത്മാവേ….. ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നതിന്.!