February 2, 2025 6:18 am

ശ്രീരാമ പ്രതിഷ്ഠാ ചടങ്ങിന് ജസ്ററിസ് അശോക് ഭൂഷണ്‍ മാത്രം

ന്യൂഡൽഹി : ബാബറി മസ്ജിദ് – ശ്രീരാമഭൂമി കേസിൽ നാലുവർഷം മുമ്പ് വിധി പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാള്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി 2021 നവംബർ എട്ടിന് നിയമിതനായ ജസ്റ്റിസ് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച അയോധ്യയിലേക്ക് തിരിക്കും.

2020ല്‍ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഗഗോയ് തന്റെ മാതാവ് അസമില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടരുന്ന തിരക്കിലാണത്രെ.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ സംബന്ധിച്ച് സുപ്രീംകോടതി തിങ്കളാഴ്ച പ്രവൃത്തി ദിവസമാണ്. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോടതിയില്‍ നിന്ന് അവധിയെടുക്കാന്‍ അദ്ദേഹം തയാറായേക്കില്ല.

നാഗ്പൂരിലുള്ള തന്റെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ബോബ്ഡെ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. നിലവില്‍ ആന്ധ്ര പ്രദേശിലെ ഗവർണറായ അബ്ദുള്‍ നസീർ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് 2019 നവംബർ ഒന്‍പതിനായിരുന്നു വിധി പ്രസ്താവിച്ചത്. രചയിതാവിന്റെ പേരില്ലാത്ത ഭരണഘടനാ ബെഞ്ചിന്റെ ആദ്യ വിധികൂടിയായിരുന്നു ഇത്. 2019 ഓഗസ്റ്റ് ആറിനായിരുന്നു സുപ്രീംകോടതി കേസിലെ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഒക്ടോബർ 17 ആയിരുന്നു വിധിപ്രസ്താവത്തിനായി ആദ്യം തിരഞ്ഞെടുത്ത തീയതി. പക്ഷേ, 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്.

പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി.

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം, സംസ്ഥാനത്ത് അന്ന് മദ്യശാലകൾ തുറക്കില്ല. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സർക്കാർ നൽകിയ നിർദ്ദേശം.

 

———————-

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News