അയോധ്യ: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കുന്നതിന് മുന്‍പു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വര്‍ണ വില്ലും ശരവും പിടിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം.
വിഗ്രഹത്തിന്റെ കണ്ണുകള്‍ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷം ഈ കെട്ടഴിക്കും. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യയജമാനനാകുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രതിഷ്ഠാദിനത്തില്‍ രാവിലെ സരയൂ നദിയില്‍ സ്‌നാനം ചെയ്ത ശേഷം രാംപഥിലൂടെയും ഭക്തിപഥിലൂടെയും ക്ഷേത്രത്തിലേക്കു നടക്കും. രണ്ടു കിലോമീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.