ന്യൂഡൽഹി: യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ ചരക്കുമായി പോയ അമേരിക്കൻ കപ്പലിന് നേരെ ഭീകര സംഘടനയായ ഹൂതികളുടെ മിസൈൽ ആക്രമണം. ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു
അമേരിക്ക കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കപ്പലിന്റെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ചരക്കുമായി നീങ്ങിക്കൊണ്ടിരുന്ന കപ്പലിലേയ്ക്ക മിസൈൽ വന്ന് പതിക്കുകയായിരന്നു. യുദ്ധ കപ്പലിന് നേരേയും ആക്രമണമുണ്ടായതായി അമേരിക്ക വ്യക്തമാക്കി. എന്നാൽ മിസൈൽ കപ്പലിൽ പതിക്കും മുന്‍പ് നിർവീര്യമാക്കിയതോടെ ആക്രമണം പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം യമന്‍ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈയിലും അമേരിക്കയും ബ്രിട്ടണും ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.
ഹൂതികളുടെ ഭീഷണയെ തുടർന്ന് അമേരിക്കൻ പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ നാവികസേന നിർദേശിച്ചു.
യെമനിലെ ഏദനിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷൻ അതോറിറ്റി അറിയിച്ചു. ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേല്‍ കപ്പലുകൾ ഒഴികെ ബാക്കിയെല്ലാം ചെങ്കടലിൽ സുരക്ഷിതമാണെന്നും ഹൂതികൾ അറിയിച്ചു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഗാസയിൽനിന്ന് സൈന്യത്തെ വെസ്റ്റ് ബാങ്കിലേക്കു മാറ്റി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു.