ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിൽ, പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ഒഴികെ ഏത് ദിവസവും പാർടി പ്രവർത്തകര്ക്ക് സന്ദർശിക്കാമെന്നു കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി.
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺഗ്രസ് അറിയിച്ചു.
കോൺഗ്രസിൻ്റെ യു പി ഘടകം നേതാക്കൾ മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.
ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയുന്നത്.
പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.
കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിംഗ് പറഞ്ഞിരുന്നു.
ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വിഗ് വിജയ്സിംഗ് ഉന്നയിക്കുന്നത്. പിന്നീട് കോൺഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി.
അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമർശവുമായി ദ്വിഗ് വിജയ്സിംഗ് വീണ്ടും രംഗത്തെത്തി. ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് ദ്വിദ് വിജയ്സിംങ് പറഞ്ഞിരുന്നു. പഴയവിഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വിഗ്രഹം എന്തുകൊണ്ടാണെന്നും ചോദിച്ച അദ്ദേഹം , ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്നും ആരോപിച്ചു.