കോഴിക്കോട് : കേരള ലിറററേച്ചർ ഫെസ്റ്റിവലിൽ എം. ടി. വാസുദേവൻ നായർ വിമർശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ ? അത് മനസ്സിലാവാത്തവർ തർക്കിക്കട്ടെയെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ് .
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ :
എം ടി എന്താണ് പറഞ്ഞതെന്ന് എം ടി പറഞ്ഞതിലുണ്ട്. അത് വായിച്ചറിയാനുള്ള ഭാഷാബോധവും വിവേകവും മലയാളികൾക്ക് മറ്റാരിൽനിന്നെങ്കിലും കിട്ടേണ്ടതില്ല. എം ടിയുടെ പ്രസംഗത്തിന് വ്യാഖ്യാനം ചമയ്ക്കുന്നവർ ചെയ്യുന്നത് തങ്ങൾക്കല്ലാതെ, തങ്ങളുടെ സഹായമില്ലാതെ മറ്റാർക്കും എം ടി പറഞ്ഞത് മനസ്സിലാവില്ലെന്ന് സമർത്ഥിക്കാനാണ്. കഷ്ടം!
വ്യാഖ്യാതാക്കളുടെ തർക്കം കേരളത്തെപ്പറ്റിയാണോ കേന്ദ്രത്തെ പറ്റിയാണോ എം ടി പറഞ്ഞത് എന്നതു സംബന്ധിച്ചാണ്. ഇ എം എസ്സിനെ ഉദാഹരിച്ചു തിരുത്താൻ ശ്രമിക്കുന്നത് നരേന്ദ്ര മോദിയെയാണെന്ന് ഒരു പക്ഷം. അങ്ങനെയെങ്കിൽ നെഹ്റുവിനെയല്ലേ ഉദാഹരിക്കേണ്ടത്, ഇത് ഇവിടത്തെ ഏകാധിപതിക്കുള്ള കൊട്ടെന്ന് മറുപക്ഷം. രണ്ടു പക്ഷവും തർക്കിക്കേണ്ടതില്ല.
സത്യം പകൽപോലെ വ്യക്തം. എം ടിയെ വേണം വിഗ്രഹമായി, എം ടി പറഞ്ഞ കയ്ക്കുന്ന സത്യം മുനയൊടിച്ച് മധുരിപ്പിക്കണം എന്നു കരുതുന്നവരുണ്ട്. അവർ ആദരവോടെ സന്ദേഹത്തിൽ മുക്കിക്കൊല്ലാം സത്യവചസ്സായഎം ടിയെ എന്നു കരുതുന്നു. ‘കാര്യദർശികൾ’ ആയുധമെടുത്ത് ഇറങ്ങിക്കഴിഞ്ഞു.
എം ടി പറഞ്ഞതുതന്നെയാണ് എം ടി പറഞ്ഞത്. അതിൽ കൂടുതലോ കുറവോ മനസ്സിലാക്കാൻ പണിപ്പെടേണ്ടതില്ല. ബോദ്ധ്യമാവാത്തവർ തർക്കിക്കട്ടെ. ബോദ്ധ്യമായവർ എം ടി നിർദ്ദേശിച്ച തിരുത്തലിനുള്ള ശ്രമം തുടങ്ങട്ടെ. സത്യം വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കട്ടെ. അല്ലാതെന്തു പറയാൻ.