April 22, 2025 1:11 pm

പ്രമുഖ നടന്റെ ഡേറ്റിനു കാത്തിരുന്ന് സിനിമ മുടങ്ങി

കൊച്ചി :  നീണ്ട ഇടവേളയ്ക്ക് ശേഷം “വിവേകാനന്ദന്‍ വൈറലാണ്” എന്ന ചിത്രവുമായി സംവിധായകൻ കമല്‍ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ .

2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.

”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനൊരു സിനിമ ചെയ്യുന്നത്. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഇടവേള വരുന്നത്. ഞാന്‍ സംവിധായകനായി 38 വര്‍ഷമായി. എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, മലയാള സിനിമയിലെ കുലപതികള്‍ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുകയാണ്. കഴിഞ്ഞ 38 വര്‍ഷങ്ങള്‍ക്കിടയില്‍ 48 സിനിമകള്‍ ചെയ്തു…
കമൽ പറഞ്ഞു.

നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകള്‍ വരുന്നത്. ഇനിയെന്ത് എന്നൊരു ചോദ്യം കുറെക്കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു. ഒന്നും സാധിക്കുന്നില്ല. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല…

  • “എന്നെക്കാളും മുതിര്‍ന്ന സംവിധായകരായ സിബിയെപ്പോലെയുള്ളവരൊക്കെ ഇവിടെ ഇരിക്കുന്നുണ്ട്. എന്നേക്കാള്‍ കൂടുതല്‍ സിനിമ ചെയ്തിട്ടുള്ള സംവിധായകര്‍ ഒരുപാടുണ്ട്. പുതിയ കാലത്ത് ഒരു സിനിമ ചെയ്യാന്‍ തന്നെ വലിയ ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. കോവിഡ് വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നു. സിനിമയുടെ സാങ്കേതിക തലങ്ങള്‍ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി.

2021 ഡിസംബറിലാണ് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.

“അതിനിടെ എല്ലാ ഭാഷകളിലെയും സിനിമകള്‍ കാണാറുണ്ടായിരുന്നു. മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും. സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും സിനിമയുടെ ഭാഷ തന്നെയും മാറിപ്പോകുന്നതും ശ്രദ്ധിച്ചു കൊണ്ടിരുന്നു.

  • “ഇതിനിടയില്‍ ഞാനൊരു തിരക്കഥ എഴുതി. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇവിടെ പറയുന്നില്ല. ആ വ്യക്തിയ്ക്ക് വേണ്ടി കുറെ നാള്‍ കാത്തിരുന്നു. അതിന്റെ നിര്‍മാതാക്കള്‍ ഡോള്‍വിനും ജിനു എബ്രഹാമും ഇപ്പോള്‍ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അവിടെയും മുന്നോട്ട് പോകാന്‍ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സില്‍ വരുന്നത്. പുതിയ കാലത്തെ അഡ്രസ്സ് ചെയ്യുന്ന, വളരെ സാമൂഹിക പ്രസക്തിയുള്ള, പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദന്‍ എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞു വന്നത്.

“മനസ്സ് ബ്ലോക്ക് ആയിരിക്കുന്ന സമയത്ത് എനിക്ക് പിന്തുണ തന്നത് ഭാര്യയും മക്കളും സുഹൃത്തുക്കളുമാണ്…

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News