April 22, 2025 10:59 pm

അയോധ്യയിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി : നിർമാണം പൂർത്തിയാകാത്ത അയോധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മവും ഉദ്ഘാടനവും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജനുവരി 22ന് നടക്കാനിരിക്കുന്ന  ചടങ്ങിലേക്ക് കഴിഞ്ഞ മാസമായിരുന്നു  നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍  ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിലപാട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

”നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ദീർഘകാലമായി ഒരു രാഷ്ട്രീയ പദ്ധതിയായാണ് ബിജെപിയും ആർഎസ്എസും അയോധ്യക്ഷേത്രത്തെ കാണുന്നത്. നിർമാണ പ്രവർത്തനം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണ്. 2019ലെ സുപ്രീം കോടതി വിധി അംഗീകരിച്ചും രാജ്യത്ത് ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് പേരുടെ വികാരത്തെ ബഹുമാനിച്ചുകൊണ്ടും മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News