April 22, 2025 11:14 pm

ബിൽക്കിസ് ബാനു കേസ്: പ്രതികൾ മുങ്ങി

അഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിലെ പ്രതികൾ താമസിച്ചിരുന്ന വീടുകൾ ഒഴിഞ്ഞ നിലയിൽ. പതിനൊന്ന് പ്രതികളിൽ ഒന്‍പതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ചെയ്ത പ്രതികൾ പ്രതികൾ ഒളിവിലാണെന്നാണ് പറയുന്നത്.

പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ തള്ളിയ സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത് വന്നതിനെത്തുടർന്ന് മാധ്യമ പ്രവർത്തകർ ഈ ഗ്രാമത്തിലെത്തിയെങ്കിലും പ്രതികളെ കാണാൻ സാധിച്ചില്ല. കുടുംബാംഗങ്ങളോട് ചോദിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ രണ്ടു ഗ്രാമങ്ങളും അടുത്തടുത്താണ്. ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് ഓഗസ്റ്റ് 15 നാണ് പ്രതികൾ പുറത്തിറങ്ങുന്നത്.

പ്രതികളിലൊരാളായ ഗോവിന്ദ് നായ് നിരപാരാധിയാണെന്നും ഒരാഴ്ച മുൻപ് ഗോവിന്ദ് വീട്ടിൽനിന്ന് പോയെന്നും അച്ഛൻ അഖംഭായ് ചതുർഭായ് റാവൽ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് ജനുവരി ആറിന് ഗോവിന്ദ് വീടുവിട്ട് പോയിട്ടുണ്ട്‌. ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന കുടുംബമാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ തങ്ങൾക്ക് സാധിക്കില്ലെന്നും കുടുംബം പോലീസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. അഖംഭായ് ചതുർഭായ് റാവലിന്റെ മകൻ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരനും കേസിൽ കുറ്റവാളിയാണ്.

ഇവർ താമസിച്ചിരുന്നതിനടുത്തായിരുന്നു ബിൽക്കിസ് ബാനുവും താമസിച്ചിരുന്നത്. ഗോധ്രയിലെ ട്രെയിൻ തീവെപ്പ് കഴിഞ്ഞയുടനെ 2002 ഫെബ്രുവരി 28 നാണ് രന്ധിക്പൂരിൽ നിന്ന് ബിൽക്കിസ് ബാനുവും കുടുംബവും പോകുന്നത്. മാർച്ച് മൂന്നിന് ദാഹോഡിലെ ലിംഖേദ താലൂക്കിലാണ് അവർ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. അവരുടെ മൂന്നു വയസുള്ള മകളുൾപ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ആറുപേരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.

2008 ജനുവരി 21നാണ് പ്രതികളായ പതിനൊന്ന് പേരെയും ജീവപര്യന്തം തടവിന് സിബിഐ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.പ്രതികളിലൊരാളായ ഗോവിന്ദിന്റെ വീട് പുറത്തുനിന്ന് അടച്ച നിലയിലാണ് ഇപ്പോഴുള്ളത്. വീടിനു പുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് കോൺസ്റ്റബിളിനെയും കാണാം.

മറ്റൊരു കുറ്റവാളിയായ രാധേശ്യാം ഷാ കഴിഞ്ഞ 15 മാസങ്ങളായി വീട്ടിലില്ലെന്നാണ് അച്ഛൻ ഭഗവാൻദാസ് ഷാ പറയുന്നത്. എന്നാൽ ഞായറാഴ്ച വരെ രാധേശ്യാമുൾപ്പെടെ എല്ലാപ്രതികളെയും ആ പരിസരത്ത് കണ്ടിരുന്നു എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അച്ഛൻ ഭഗവാൻദാസ് രാധേശ്യാം എവിടെയാണെന്നറിയില്ലെന്നാണ് പറയുന്നത്. ഭാര്യയെയും മകനെയും കൂട്ടിയാണ് രാധേശ്യാം പോയത്.

അടഞ്ഞു കിടക്കുന്ന എല്ലാ വീടുകൾക്കും മുന്നിൽ സുരക്ഷയ്ക്കായി ഒരു പോലീസ് കോൺസ്റ്റബിൾ ഉണ്ട്. കോടതിവിധിക്കു ശേഷം സംഘർഷാവസ്ഥ പരിഗണിച്ചുള്ള മുൻകരുതലിന്റെ ഭാഗമാണിതെന്നാണ് രന്ധിക്പൂർ പോലീസ് വിശദീകരിക്കുന്നത്. മാധ്യമങ്ങൾ വരുമെന്ന് കരുതിയാണ് ഈ ദിവസം പ്രതികൾ മുഴുവൻ വീടുകൾ പൂട്ടി രക്ഷപ്പെട്ടതെന്നാണ് ഗോവിന്ദ് നായ് യുടെ അച്ഛൻ അഖംഭായ് പറയുന്നത്. കീഴടങ്ങാതെ അവർ ഒളിവിൽ പോകുമെന്ന് താൻ കരുതുന്നില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ പരോൾ ലഭിച്ച സമയത്തൊന്നും അവർ അത്തരത്തിൽ ഒരു ശ്രമവും നടത്തിയിട്ടുമില്ല- അഖംഭായ് പറയുന്നു.

രാജുഭായ് സോണി, കേശാർഭായ് വോഹാനിയ, ബക്കഭായ് വൊഹാനിയ, ബിപിൻചന്ദ്ര ജോഷി, എന്നിവർ ഇപ്പോൾ വഡോദരയ്ക്കു പുറത്തതാണെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News