April 23, 2025 6:49 pm

വീണ്ടും കടമെടുപ്പിന് തടയിട്ട് കേന്ദ്രം: പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ വെട്ട്. സാമ്പത്തികവര്‍ഷത്തെ അന്ത്യപാദത്തില്‍ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ജനുവരി മുതല്‍ മാര്‍ച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

മൂന്നു സാമ്പത്തികവര്‍ഷങ്ങളില്‍ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതോടെ ഈ പ്രതീക്ഷയ്ക്കു പ്രഹരമേറ്റു. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ, പദ്ധതിച്ചെലവിനും മറ്റുമായി വന്‍തുക കണ്ടെത്തേണ്ടതുണ്ട്.

കൂടാതെ, ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കും പണം വേണം. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദം നേരിടേണ്ടിവരും.

സര്‍ക്കാര്‍ ജീവനക്കാരുടെ പി.എഫ്. ഉള്‍പ്പെടെയാണ് പബ്ലിക് അക്കൗണ്ട്. 2020-21ല്‍ 12,000 കോടി, 2021-22ല്‍ 19,000 കോടി, 2022-23ല്‍ 9600 കോടി എന്നിങ്ങനെയായിരുന്നു പബ്ലിക് അക്കൗണ്ടിലെ തുക. ഈ വര്‍ഷങ്ങളിലെ ശരാശരി കണക്കാക്കി കേരളത്തിന്റെ അക്കൗണ്ടില്‍ 14,000 കോടി രൂപയുണ്ടായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. അത്രയും തുക കടമെടുപ്പ് പരിധിയില്‍ കുറച്ചു.

പബ്ലിക് അക്കൗണ്ടില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ 9600 കോടി പരിഗണിച്ച് നടപ്പുവര്‍ഷം 9000 കോടി രൂപ വായ്പയില്‍ കുറയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍. പക്ഷേ, കേന്ദ്രം 5000 കോടി രൂപ അധികം വെട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News