കൊച്ചി : താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും മറ്റും ഉണ്ടാകുന്നത് പതിവാണ്. പലരും അത് അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലർ തക്ക മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ തനിക്കെതിരെ വന്ന വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
മൂവി സ്ട്രീറ്റ് എന്ന പേജിൽ വന്ന വിമർശനം
‘മല്ലുസിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യംഗ് മാൻ ആറ്റിറ്റ്യൂഡ് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത്ത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പമാർഗമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ടിരിക്കുകയാണ്.
മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടം ആയിരുന്നിട്ടുകൂടി ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തതുകൊണ്ടായിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത്ത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാണ്.’- എന്നായിരുന്നു മൂവി സ്ട്രീറ്റ് എന്ന പേജിൽ വന്ന വിമർശനം. ഇതിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നന്ദി മൂവി സ്ട്രീറ്റ്
മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് കാണാതിരിക്കാം. മൂവീ സ്ട്രീറ്റിൽ വന്ന പോസ്റ്റിൽ എന്നെ വർഗീയവാദിയാക്കുന്നതുപോലെ മാളികപ്പുറം തീയേറ്ററിൽ കണ്ടവരെയും അതേരീതിയിൽ ചിത്രീകരിക്കുകയാണ്.
ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടുതന്നെ, പൊതുയിടങ്ങൾ വിദ്വേഷം കൊണ്ടുവരാൻ ഉപയോഗിക്കുന്നു. എന്തായാലും, വിദ്വേഷം വളർത്തുന്ന ഇത്തരം പോസ്റ്റുകൾ അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പല്ല ഇവർ.
ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് ചെയ്യുന്നത്. ഇതൊരു ഫാമിലി എന്റർടെയ്നറാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.