സതീഷ് കുമാർ വിശാഖപട്ടണം
1988-ൽ വൻവിജയം നേടിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത , “പൊന്മുട്ടയിടുന്ന താറാവ് ” എന്ന ചിത്രം പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടെ … ചിത്രത്തിലെ ഓരോ രംഗവും പിന്നീട്
ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ …
ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര് “പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ !
തങ്ങളുടെ കുലത്തൊഴിലിനെ അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ ചിലർ അന്ന് പ്രതിഷേധമുയർത്തി …. അവസാനം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നുപറഞ്ഞപോലെ പൊന്മുട്ടയിടുന്ന താറാവിലേക്ക് തന്നെ ചിത്രത്തിന് മടങ്ങിയെത്തേണ്ടിവന്നു ….
അന്ന് സത്യൻഅന്തിക്കാട് നടത്തിയ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് “ഇനി താറാവുകളൊക്കെ പ്രതിഷേധവുമായി വരാതിരുന്നാൽ നന്നായിരുന്നു ” എന്നാണ് …
കുറിക്കുകൊള്ളുന്ന ഈ നർമ്മബോധമാണ് സത്യൻ അന്തിക്കാട് എന്ന ചലച്ചിത്രസംവിധായകന്റെ തുറുപ്പുചീട്ട് …
തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന ഗ്രാമം കള്ളുചെത്തിലൂടേയും കമ്മ്യൂണിസ്റ്റ് സമരങ്ങളിലൂടേയുമാണ് വാർത്തകളിൽ എന്നും നിറഞ്ഞു നിന്നിരുന്നത്.
എന്നാൽ “സത്യൻ അന്തിക്കാട് ” എന്ന സംവിധായകനിലൂടെ ഈ കർഷക ഗ്രാമത്തിന് കിട്ടിയ പ്രശസ്തി വളരെയേറെയായിരുന്നു…1975-ൽ ഡോക്ടർ ബാലകൃഷ്ണന്റെ സംവിധാനസഹായിയായി ചെന്നൈയിലെത്തിയ സത്യൻ അന്തിക്കാട് ഗാനരചനാരംഗത്താണ് ആദ്യം ശ്രദ്ധകേന്ദ്രീകരിച്ചത്. അക്കാലത്ത് അദ്ദേഹം എഴുതിയ ഏതാനും ഗാനങ്ങൾ വളരെ പ്രശസ്തി നേടിയെടുക്കുകയുണ്ടായി …..
“ഒരു നിമിഷം തരൂ നിന്നിലലിയാൻ ….. (സിന്ദൂരം -സംഗീതം എ.ടി. ഉമ്മർ – ആലാപനം യേശുദാസ്)
https://youtu.be/-YrYR3eWJXo?t=14
” കിനാവിൽ ഏദൻ തോട്ടം
ഏതോ സ്വർഗ്ഗമായി …..(ചിത്രം ഏദൻ തോട്ടം – സംഗീതം ശ്യാം – ആലാപനം യേശുദാസ്)
” ഓ മൃദുലേ
ഹൃദയമുരളിയിലൊഴുകി വാ ….. (ചിത്രം ഞാൻ ഏകനാണ് – സംഗീതം എം.ജി.രാധാകൃഷ്ണൻ – ആലാപനം ചിത്ര )
“ഒരു പ്രേമഗാനം പാടി ഇളം തെന്നലെന്നെയുണർത്തി ….
( ചിത്രം അസ്തമയം – സംഗീതം ശ്യാം- ആലാപനം യേശുദാസ് )
തുടങ്ങിയ സത്യൻ അന്തിക്കാട് രചന നിർവ്വഹിച്ച ഗാനങ്ങൾ ആകാശവാണിയിൽ എന്നും കേൾക്കാമായിരുന്നു.
എന്നാൽ സത്യൻ അന്തിക്കാട് പിന്നീട് ഗാനരചനരംഗത്ത് നിന്നും പിന്മാറി സംവിധാനരംഗത്ത് ഏറെ ശ്രദ്ധ പതിപ്പിക്കുകയാണുണ്ടായത് . “കുറുക്കന്റെ കല്യാണം” ആയിരുന്നു ആദ്യ ചിത്രം .
അതിനു ശേഷം 52 ഹിറ്റ്ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തത് ….. നാട്ടിൻപുറത്തെ നന്മകളുടെ നേർക്കാഴ്ചകൾ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ പരതിയാൽമതി. …
പലരും വിദേശങ്ങളിൽ പോയി കോടിക്കണക്കിന് രൂപ ചിലവിട്ട് വൻ ബഡ്ജറ്റിൽ സിനിമകൾ നിർമ്മിക്കുമ്പോൾ സത്യേട്ടന്റെ ചിത്രങ്ങൾ ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കകാഴ്ചകളിൽ ഒതുങ്ങി നിൽക്കും. നിർമ്മാതാവിന് ഒരിക്കലും നഷ്ടം ഉണ്ടാകാത്തതായിരുന്നു സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ .
നമ്മൾ ജീവിതയാത്രയിൽ എവിടെയെല്ലാമോ കണ്ടു മറന്ന മുഖങ്ങളെല്ലാം സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെ പുനർജനിക്കുന്നത് പലപ്പോഴും അതിശയത്തോടെ കണ്ടിരുന്നിട്ടുണ്ട്…
മലയാളത്തിൽ വി കെ എൻ എന്ന ഹാസ്യ ചക്രവർത്തിയുടെ ഒരു കഥ ചലച്ചിത്രമാക്കിയതിന്റെ ക്രെഡിറ്റും സത്യനു മാത്രം സ്വന്തം …
സന്ദേശം, വരവേൽപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ സംവിധായകൻ കേരള മനസ്സാക്ഷിയുടെ നേരെ ഉയർത്തിയ സാമൂഹിക വിമർശനങ്ങളുടെ മൂർച്ച ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല……
സത്യന്റെ ഗ്രാമീണചിത്രങ്ങൾ പോലെ തന്നെ സത്യൻ ചിത്രത്തിലെ ഗാനങ്ങളും ഗ്രാമീണ പശ്ചാത്തലം ഉള്ളവരായിരിക്കും.
“തങ്കത്തോണി തെൻ മലയോരം കണ്ടേ ….. (ചിത്രം മഴവിൽക്കാവടി – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം ചിത്ര.)
“ആദ്യമായ് കണ്ട നാൾ പാതി വിരിഞ്ഞു നിൻ മുഖം … ( ചിത്രം തൂവൽക്കൊട്ടാരം – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം യേശുദാസ് , ചിത്ര )
“കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം …..
( ചിത്രം പൊന്മുട്ടയിടുന്ന താറാവ് – രചന ഒ എൻ വി – സംഗീതം ജോൺസൺ – ആലാപനം ചിത്ര )
“എന്തു പറഞ്ഞാലും
നീ എന്റേതല്ലേ വാവേ ….. ( ചിത്രം അച്ചുവിന്റെ അമ്മ – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ഇളയരാജ – ആലാപനം ചിത്ര )
https://youtu.be/1ZrgbQCbcPw?t=13
” മറക്കുടയാൽ മുഖം
മറക്കും മാനല്ലാ …. (ചിത്രം മനസ്സിനക്കരെ – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം ഇളയരാജ – ആലാപനം എം.ജി.ശ്രീകുമാർ)
“മലർവാകക്കൊമ്പത്ത് മണിമേഘതുമ്പത്ത് …..
( ചിത്രം എന്നും എപ്പോഴും – രചന റഫീഖ് അഹമ്മദ് – സംഗീതം വിദ്യാസാഗർ – ആലാപനം ജയചന്ദ്രൻ , രാജലക്ഷ്മി)
“വൈശാഖ സന്ധ്യേ
നിൻ ചുണ്ടിലെന്തേ ….. (ചിത്രം നാടോടിക്കാറ്റ് – രചന യൂസഫലി കേച്ചേരി – സംഗീതം ശ്യാം – ആലാപനം യേശുദാസ് )
“പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം ….( ചിത്രം സന്മനസ്സുള്ളവർക്ക് സമാധാനം – രചന മുല്ലനേഴി – സംഗീതം ജെറി അമൽദേവ് – ആലാപനം യേശുദാസ് )
https://youtu.be/oFgxX5aCu74?t=7
തുടങ്ങി നൂറുകണക്കിന് ഗാനങ്ങളാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സംഗീതപ്രേമികളെ ആനന്ദസാഗരത്തിൽ ആറാടിച്ചു കൊണ്ട് വെള്ളിത്തിരയിൽ മിന്നിമറഞ്ഞത്…
1955 ജനുവരി 3-നു ജനിച്ച സത്യൻഅന്തിക്കാടിന്റെ ജന്മദിനമാണ് നാളെ …..ഇതിനുമുമ്പ് പലയിടത്തും എഴുതിയിട്ടുള്ളതാണ് …
” പാട്ടോർമ്മകൾ @ 365 ” കോവിഡിന്റെ ആരംഭകാലത്ത് വെറും നേരമ്പോക്കിനായി മാത്രം എഴുതിത്തുടങ്ങിയ ഒരു
ലേഖനപരമ്പരയാണ്.
സംഗീത പ്രേമികളായ പ്രിയപ്പെട്ട വായനക്കാരാണ് പാട്ടോർമ്മകളെ പല പല വാട്സപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് ഒരു വൻ വിജയമാക്കി മാറ്റിയത് …..
ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ ലിപി പബ്ളിക്കേഷൻസ് ” പാട്ടോർമ്മകൾ @ 365 ” പുസ്തകരൂപത്തിൽ പുറത്തിറക്കുകയുണ്ടായി ….. മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഈ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നു…അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതിനോടൊപ്പം
മലയാള സിനിമയിലെ നിത്യവസന്തമായ ഈ സംവിധായക പ്രതിഭയ്ക്ക് നിറഞ്ഞമനസ്സോടെ പിറന്നാളാശംസകൾ നേരുകയാണ് …..
—————————————————————————————-
( സതീഷ് കുമാർ വിശാഖപട്ടണം :9030758774 )
Post Views: 299